ശ്രീലങ്കക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്: ആദ്യ ദിനം 371/4 എന്ന നിലയില്‍: കോഹ്ലിക്ക് വീണ്ടും റെക്കോഡ്

single-img
2 December 2017


തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ഓപ്പണര്‍ മുരളി വിജയിന്റെയും മൂന്നാം സെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 371/4 എന്ന നിലയിലാണ്. 6 റണ്‍സുമായി രോഹിത് ശര്‍മ്മയും 156 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 155 റണ്‍സെടുത്താണ് വിജയ് പുറത്തായത്.

 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 42 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത ശിഖര്‍ ധവാനെ പെരേര പുറത്താക്കുകയായിരുന്നു. പിന്നീട് ചേതേശ്വര്‍ പൂജാരയും ക്രീസ് വിട്ടു. 23 റണ്‍സ് തന്നെയായിരുന്നു പൂജാരയുടെയും സമ്പാദ്യം. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും മുരളി വിജയും ഒത്തുചേരുകയായിരുന്നു.

വിജയ് 170 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സ് അടിച്ചെടുത്തു. 114 പന്തില്‍ 103 റണ്‍സ് നേടിയ കോഹ്‌ലി ടെസ്റ്റ് കരിയറിലെ 20ാം സെഞ്ചുറിയാണ് ഫിറോസ്ഷാ കോട്‌ലയില്‍ പൂര്‍ത്തിയാക്കിയത്.

അതിനിടെ കോഹ്‌ലി ടെസ്റ്റില്‍ 5,000 റണ്‍സ് നേട്ടവും പിന്നിട്ടു. 105–ാം ഇന്നിങ്‌സില്‍ ഈ നേട്ടം പിന്നിട്ട കോഹ്‌ലി, അതിവേഗം 5,000 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ഗാവസ്‌കര്‍ (95), വീരേന്ദര്‍ സേവാഗ് (99), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (103) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു മുന്നില്‍.

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മൂന്നാം ടെസ്റ്റ് സമനില ആയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ലങ്കയ്ക്ക് ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയില്‍ ആക്കാന്‍ സാധിക്കൂ.

കൊല്‍ക്കത്ത വേദിയായ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും ഗംഭീര വിജയം സ്വന്തമാക്കി. നിലവിലെ സാഹചര്യങ്ങളും കണക്കുകളും പരിശോധിച്ചാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം.

തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡില്‍ കണ്ണുനട്ടാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ഇറങ്ങിയിരിക്കുന്നത്. 2005–2008 കാലയളവില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയ വിജയപരമ്പരകളുടെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്.

കടുപ്പമുള്ള വിദേശ ടെസ്റ്റുകള്‍ക്കു മുന്‍പ് ടീം ഇന്ത്യയ്ക്കു കിട്ടുന്ന അവസാന ഹോം ടെസ്റ്റാണിത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നു ടെസ്റ്റുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നു. 2018ല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളും കളിക്കാനുമുണ്ട്.