ഓസ്‌ട്രേലിയയുടെ റെക്കോഡിനൊപ്പമെത്താന്‍ കച്ചമുറുക്കി ടീം ഇന്ത്യ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

single-img
2 December 2017

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.

ഉമേഷ് യാദവിനു പകരം മുഹമ്മദ് ഷാമിയും കെ.എല്‍. രാഹുലിനു പകരം ശിഖര്‍ ധവാനും ടീമില്‍ ഇടം നേടി. തോല്‍വി ഒഴിവാക്കാന്‍ ഇറങ്ങുന്ന ശ്രീലങ്കയും അവരുടെ നിരയില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലഹിരു തിരിമാന്നെ, ഷനാക, രംഗണ ഹെറാത്ത് എന്നിവര്‍ പുറത്തിരിക്കുമ്പോള്‍ ലക്ഷന്‍ സന്ദാകന്‍, റോഷന്‍ സില്‍വ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ടീമിലെത്തി.

ഇതില്‍ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. അതേസമയം തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡില്‍ കണ്ണുനട്ടാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. 2005 2008 കാലയളവില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയ വിജയപരമ്പരകളുടെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് മഴമൂലം അവേശകരമായ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 239 റണ്‍സിനും ലങ്കയെ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന വിജയത്തിനൊപ്പം എത്തുകയും ചെയ്തു ഇന്ത്യ. നിലവിലെ സാഹചര്യങ്ങളും കണക്കുകളും പരിശോധിച്ചാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം.

കടുപ്പമുള്ള വിദേശ ടെസ്റ്റുകള്‍ക്കു മുന്‍പ് ടീം ഇന്ത്യയ്ക്കു കിട്ടുന്ന അവസാന ഹോം ടെസ്റ്റാണിത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നു ടെസ്റ്റുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നു. 2018ല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളും കളിക്കാനുമുണ്ട്.