ക്രിക്കറ്റ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം: അരങ്ങേറ്റ ടെസ്റ്റിലെ ആദ്യപന്തില്‍ ഹിറ്റ് വിക്കറ്റ്

single-img
2 December 2017

വെല്ലിങ്ടണ്‍: അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുക. അതും ഹിറ്റ് വിക്കറ്റില്‍. ക്രിക്കറ്റ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് താരം സുനില്‍ അംബ്രിസാണ് ദുഷ്‌പേരോടെ ‘ചരിത്രത്തില്‍ ‘ ഇടം നേടിയത്.

ന്യൂസീലന്‍ഡിനെതിരെയുള്ള ടെസ്റ്റിലായിരുന്നു സംഭവം. കിവീസ് ബൗളര്‍ നെയ്ല്‍ വാഗ്‌നെറുടെ പന്ത് നേരിടാന്‍ ശ്രമിക്കുന്നതിനിടെ ആമ്പ്രിസിന്റെ കാല്‍ സ്റ്റമ്പില്‍ തട്ടി ഹിറ്റ് വിക്കറ്റാവുകയായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഹിറ്റ് വിക്കറ്റാകുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് താരമായി ആമ്പ്രിസ്.

നേരത്തെ ന്യൂസീലന്‍ഡ് എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ആമ്പ്രിസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 145 പന്തില്‍ 153 റണ്‍സാണ് താരം അടിച്ചെടുത്തത്. അതേസമയം ഏഴു വിക്കറ്റ് വീഴ്ത്തിയ നീല്‍ വാഗ്‌നറുടെ ഉജ്വല ബോളിങ്ങില്‍ വിന്‍ഡീസ് 45.4 ഓവറില്‍ 134 റണ്‍സിനു പുറത്താവുകയും ചെയ്തു. വാഗ്‌നര്‍ 39 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി. രണ്ടു വട്ടം ഹാട്രിക്കിന് അടുത്തെത്തുകയും ചെയ്തു.