ഓഖി ചുഴലിക്കാറ്റ്: 10 ലക്ഷം രൂപ ദുരിതാശ്വാസം പ്രഖ്യാപിച്ചു; രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി

single-img
2 December 2017

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും.

പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ദുരന്തത്തിനിടെ ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

കടലില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുമാണ് തൊഴിലാളികള്‍ കടലിലേക്കു പോയത്.

നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീന്‍ സഭയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. രണ്ടു മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി അറിയിച്ചു.

ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ കേരളത്തില്‍ മരണം ഏഴായി.

തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ് (57), ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരും ഒരു കാസര്‍കോട് സ്വദേശിയുമാണ് ഇന്നലെ മരിച്ചത്. തമിഴ്‌നാട്ടിലും മരണം ഏഴായി. കേരളതീരത്തുനിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി നാളെ ഗുജറാത്തു തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. അതേസമയം, നാളെ ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും. ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ചത് ഏഴരക്കോടിയുടെ നാശനഷ്ടമാണ്.

ഏറ്റവും നാശമുണ്ടായത് ഇടുക്കിയില്‍, നാലുകോടിരൂപയുടെ നാശനഷ്ടം. തിരുവനന്തപുരത്തു രണ്ടരക്കോടിയുടെ നാശനഷ്ടം ഉണ്ടായി. 56 വീടുകള്‍ പൂര്‍ണമായും 679 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്. ദുരിതാശ്വാസ ക്യാംപുകളില്‍ 529 കുടുംബങ്ങളാണ് ഉള്ളത്.