അമിത ആത്മവിശ്വാസത്തില്‍ അമിത് ഷാ: ‘ഗുജറാത്തില്‍ നേടാന്‍ പോകുന്ന വിജയമാണ് വിജയം’: ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

single-img
2 December 2017

ഗുജറാത്തില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ വിജയം വച്ചുനോക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പു വിജയം വലിയ കാര്യമല്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പശ്ചാത്തലത്തിലാണു ഷായുടെ പ്രതികരണം.

‘യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍പ്പോലും വിജയിച്ചില്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ വന്‍ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്’.–കഴിഞ്ഞ മൂന്നുമാസമായി കോണ്‍ഗ്രസ് പറയുന്നത് ‘ഗുജറാത്തിലേക്കു കോണ്‍ഗ്രസ് എത്തുന്നു’വെന്നാണ്.

എന്നാല്‍ ഇന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പറഞ്ഞു, ‘കോണ്‍ഗ്രസ് പോകുകയാണെന്ന്’. ഗിര്‍ സോമനാഥ് ജില്ലയിലെ സോമനാഥില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപി വിജയിച്ചിരുന്നു. രണ്ടിടത്ത് ബിഎസ്പിയും നേട്ടം കൊയ്തു.

അതേസമയം, വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പോലും വിജയിക്കാനായില്ല. അതേസമയം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബിജെപി പുറത്താക്കി.

മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹു സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.