ഇനി വ്യാജനെ പേടിക്കേണ്ടതില്ല; വ്യാജവിസ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനും വെബ് സൈറ്റും ഒരുക്കി യു എ ഇ

single-img
1 December 2017

ദുബായ്: വ്യാജ വിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യു എ ഇ. നിങ്ങള്‍ക്ക് ലഭിക്കുന്ന വിസ വ്യാജമല്ലെന്ന് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനും വെബ് സൈറ്റും ഒരുക്കിയിരിക്കുകയാണ് താമസ കുടിയേറ്റ വകുപ്പ്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ നിരവധിപ്പേര്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതേ തുടര്‍ന്നാണ് താമസ കുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്.

വിസ നമ്പറും, വിസ ലഭിച്ചതാര്‍ക്കാണോ ആ വ്യക്തിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസ്സലാണോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. നിരവധിപ്പേര്‍ വ്യാജ വിസയാല്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൂടാതെ, വ്യാജ വെബ്‌സൈറ്‌റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, വിസ നമ്പര്‍, ജനന തീയതി, വിസയിലെ ചില വിവരങ്ങള്‍ എന്നിവ എന്റര്‍ ചെയ്യുകയാണ് ഒരു മാര്‍ഗം. വിസ വ്യാജമല്ലെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും.

വിസയുടെ കാലാവധിയും അറിയാന്‍ കഴിയും. സമാന രീതിയില്‍ ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസ്സിലാക്കാം. അന്താരാഷ്ട്ര ബിസിനസ്സ് ഹബ് എന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ പ്രീയപ്പെട്ട രാജ്യമായും യു.എ.ഇ മാറിയതോടെ വിദേശികളുടെ വന്‍ തിരക്കാണ് അനുഭപ്പെടുന്നത്. വിശ്വസ്തമായ കമ്പനികളിലൂടെയും സൈറ്റുകളിലൂടേയും വിസയ്ക്ക് അപേക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്നവരെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്.