ലക്ഷദ്വീപിലും കടല്‍ കയറി; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

single-img
1 December 2017

 

കവരത്തി: കേരളത്തെ ഭീതിയിലാഴ്ത്തി ‘ഓഖി’ ചുഴലിക്കാറ്റ് ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്നു. കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക് ഓഖി ചുഴലിക്കാറ്റ് നീങ്ങിയതോടെ കല്പേനി, മിനികോയ് ദ്വീപുകളിലും കടല്‍ക്ഷോഭം ശക്തമായിരിക്കുകയാണ്. കടല്‍ തീരത്ത് താമസിക്കുന്ന 160 പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കുളുകള്‍ക്കെല്ലാം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റ് ഉള്ളത്. ഇന്നലെ 70 കിലോമീറ്റര്‍ അടുത്തുവരെ ഓഖി എത്തിയിരുന്നു. കാറ്റും മഴയും മൂലം കടലില്‍ ഭീകരാന്തരീക്ഷമാണുള്ളത്. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത.