ലോക സുന്ദരിയുടെ ചോദ്യത്തിന് വിരാട് കോഹ്‌ലിയുടെ മറുപടി ഇങ്ങനെ

single-img
1 December 2017

ന്യൂഡല്‍ഹി: ലോക സുന്ദരി പട്ടം ഇന്ത്യക്ക് സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമായിമാറിയിരിക്കുകയാണ് മാനുഷി ചില്ലര്‍. ഇന്ത്യയുടെ പ്രശസ്തി ലോകവേദിയിലെത്തിച്ച മിസ് വേള്‍ഡ് മാനുഷി തനിക്കേറെ ബഹുമാനവും ആരാധനയുമുള്ള ക്രിക്കറ്റ് താരമായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കണ്ട സന്തോഷത്തിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ പുരസ്‌കാര ജേതാക്കളായി ഇരുവരും മുഖാമുഖമെത്തുകയായിരുന്നു.

പരിപാടിക്കിടെ മാനുഷി കോഹ്‌ലിയോട് ഒരു ചോദ്യവും ചോദിച്ചിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ നിങ്ങള്‍ വളര്‍ന്ന് വരുന്ന തലമുറക്ക് വലിയ പ്രചോദനമാണ്. സമൂഹത്തിന് നിങ്ങള്‍ ഒരുപാട് നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ വളര്‍ന്ന് വരുന്ന തലമുറക്ക് എന്ത് സംഭാവനയാണ് നിങ്ങള്‍ നല്‍കാന്‍ പോവുന്നത്?’ ഇതായിരുന്നു മാനുഷിയുടെ ചോദ്യം.

ഗ്രൗണ്ടില്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ല. നമ്മുടെ ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം. ഒരിക്കലും മുഖംമൂടി അണിയാന്‍ പാടില്ല. നമ്മള്‍ അഭിനയിക്കുകയാണെന്നറിഞ്ഞാല്‍ നമുക്ക് ബന്ധങ്ങള്‍ നഷ്ടപ്പെടുമെന്നായിരുന്നു കോഹ്ലിയുടെ മറുപടി. ഞാന്‍ എപ്പോഴും ഞാന്‍ തന്നെയാണ്. മറ്റൊരാളാവാന്‍ ശ്രമിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അതൊരു പ്രശ്നമായി ഞാന്‍ കാണുന്നില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.