പത്രങ്ങളില്‍ സ്വന്തം മരണവാര്‍ത്തയും ചരമപ്പരസ്യവും നല്‍കിയ വയോധികനെ ദുരൂഹമായി കാണാതായി

single-img
1 December 2017

കണ്ണൂര്‍: പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും ചരമ പരസ്യവും നല്‍കിയ വയോധികനെ ദുരൂഹമായി കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെയാണ് കാണാതായിരിക്കുന്നത്. ജോസഫ് നല്‍കിയ ലക്ഷങ്ങള്‍ നിരക്ക് ആകുന്ന പരസ്യം വ്യാഴാഴ്ചയാണ് മലയാളത്തിലെ ഒന്നാം നിര പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ചരമ വാര്‍ത്തയ്‌ക്കൊപ്പം വിശദമായ കുടുംബ ചരിത്രവും തന്റെ വ്യക്തിവിവരണവും ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച മകന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ സംസ്‌കാരം നടക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂരിലെ മാതുഭൂമി ബ്യൂറോയിലാണ് നല്‍കിയത്. മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ കൂടി പരസ്യം നല്‍കണമെന്ന് ഇവിടെ പറഞ്ഞിരുന്നു. പണവും അടച്ചിരുന്നു.

മൂന്ന് പത്രങ്ങളുടെയും കണ്ണൂര്‍ എഡിഷനിലാണ് വാര്‍ത്തയും പരസ്യവും നല്‍കിയത്. തന്റെ പിതൃസഹോദരന്റെ ചരമ വാര്‍ത്തയെന്ന് ഏജന്‍സിയില്‍ പറഞ്ഞാണ് ജോസഫ് പരസ്യം നല്‍കിയത്.

വാര്‍ത്തയും പരസ്യവും വ്യാഴാഴ്ച പത്രങ്ങളില്‍ അടിച്ചുവപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും അമ്പരന്നത്. ഭര്‍ത്താവിന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമൊവശ്യപ്പെട്ട് ഭാര്യ മേരിക്കുട്ടി തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.കാണാതായ ആളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

പ്രത്യേകം നല്‍കിയ ആദരാഞ്ജലി പരസ്യത്തിന് പുറമെ പത്രങ്ങളുടെ ചരമപേജിലും ജോസഫിന്റെ നിര്യാണ വാര്‍ത്ത നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നെന്നും ഹൃദ്‌രോഗ ബാധയെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്നും പരസ്യത്തില്‍ പറയുന്നു. ബന്ധുക്കളുടെ വിവരങ്ങളും തന്റെ പ്രവര്‍ത്തന മേഖലകളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

പയ്യന്നൂരിലെ ബോംബെ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്ന ജോസഫ് ഇന്ന് രാവിലെ ഏഴരയോടെ ഹോട്ടലില്‍ നിന്ന് പോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.