തെല്ലൊരാശ്വാസം; രണ്ടാം പാദത്തിൽ ജി.ഡി പി വളർച്ചാ നിരക്ക് 6.3 ശതമാനം

single-img
1 December 2017

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത് തിരിച്ചടിയായെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. 6.3 ശതമാനം വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ 5.7 രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ വര്‍ധിച്ചത്. അഞ്ച് പാദങ്ങളില്‍ ജി.ഡി.പി കുറഞ്ഞതിന് പിന്നാലെയാണ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്.

ഏഴ് ശതമാനം രേഖപ്പെടുത്തിയ ഉദ്പാദന രംഗത്തെ വളര്‍ച്ചയാണ് ജിഡിപി നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ കാര്‍ഷിക മേഖല മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.1 ശതമാനം മാത്രമാണ് വളര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്കു താഴ്ന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയാണ് ഇതിനു കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.