ഒാഖി ചുഴലിക്കാറ്റ്:താളം തെറ്റിയ രക്ഷാപ്രവര്‍ത്തനം ;ഇപ്പോള്‍ കുറ്റപ്പെടുത്താനില്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
1 December 2017

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനും, കനത്ത മഴയ്ക്കും പിന്നാലെ കടലില്‍ കുടുങ്ങിയ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാപവര്‍ത്തനത്തില്‍ വ്യാപക പ്രതിഷേധവും തീരത്ത് ആഞ്ഞടിക്കുകയാണ്. കാണാതായ മത്സ്യതൊഴിലാളികളെ കരയ്ക്ക് എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യം ഉയര്‍ത്തി.
ചുഴലിക്കാറ്റും പേമാരിയും സംബന്ധിച്ച് ജാഗ്രത നിർദ്ദേശം വൈകിയതോടെ രക്ഷാപ്രവർത്തനം താളം തെറ്റി. 29 ന് ഉച്ചയ്ക്ക് ദേശീയ കാലാവസ്ഥ വകുപ്പ് നൽകിയ ജാഗ്രത നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് കൈമാറിയില്ല. ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.

അതീവ ജാഗ്രത നിർദ്ദേശം ലഭിച്ചത് മൂന്നുമണിയോടെയാണെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഇതിനു ശേഷമാണ് നേവിയുടെ സഹായം തേടിയത്. വൈകുന്നേരത്തോടെ കാലാവസ്ഥാ പ്രതികൂലമായതും രക്ഷാ പവർത്തനങ്ങളെ ബാധിച്ചുവെന്നും സ്ഥിതി അതീവ ഗൗരവകരമെന്നും പ്രതിപക്ഷം ആരോപിച്ചു.

തീരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റപ്പെടുത്തനല്ല ഈ സമയം ഉപയോഗിക്കേണ്ടതെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇവിടെത്തെ സ്ഥിതി വിശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.