സുനന്ദപുഷ്‌ക്കറിന്റെ മരണം; തരൂരിന്റെ അനുവാദമില്ലാതെ വാര്‍ത്ത നല്‍കരുതെന്ന് അര്‍ണബിനോട് ഡല്‍ഹി ഹൈക്കോടതി

single-img
1 December 2017

സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളോ സംവാദങ്ങളോ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ അനുവാദം വാങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്ക് നിര്‍ദ്ദേശം നല്‍കി.

വാര്‍ത്തകള്‍ പുറത്തുവിടാന്‍ അവകാശമുണ്ടെങ്കിലും അതിന്റെ പേരില്‍ ശശി തരൂരിനെ സമ്മര്‍ദ്ദത്തിലാക്കാനോ അദ്ദേഹം പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനോ അര്‍ണബ് ഗോസ്വാമിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശശി തരൂര്‍ നല്‍കിയ മൂന്ന് മാനനഷ്ടക്കേസുകളിലാണ് കോടതിയുടെ വിധി

അതേസമയം വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി ശശിതരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി. നിശബ്ദനായിരിക്കാനുള്ള ഒരാളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് അയാളെക്കൊണ്ട് നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സുനന്ദപുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിനെതിരെ തരൂര്‍ തന്നെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ കോടതിയെ സമീപിച്ചിരുന്നത്.

മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പുറത്തുവിട്ട ചാനല്‍ തന്നെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശശി തരൂരിന്റെ പരാതി. കൊലപാതകമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക പോലും ചെയ്യാത്തൊരു മരണം അങ്ങനെയാണെന്ന് വരുത്തിത്തീര്‍ത്ത് തന്നെ കൊലപാതകിയായി ചിത്രീകരിക്കാന്‍ ചാനല്‍ ശ്രമിക്കുന്നെന്നായിരുന്നു തരൂരിന്റ ആരോപണം.

2014 ജനുവരി 14 നാണ് സുന്ദപുഷ്‌ക്കറിനെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച നിലവില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ വിധി.