ദുരന്തത്തെ നേരിടാന്‍ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

single-img
1 December 2017

തിരുവനന്തപുരം: ദുരന്തത്തെ നേരിടാന്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണവുമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിലും ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപജീവനത്തിനായി കടലില്‍ പോയി ദുരിതത്തിലായവരാണധികവും. അവരുടെ ദു:ഖത്തില്‍ സര്‍ക്കാരും പങ്കുചേരുകയാണ്. മെഡിക്കല്‍ കോളേജില്‍ 23 പേരും ജനറല്‍ ആശുപത്രിയില്‍ 34 പേരുമാണ് ചികിത്സയിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവക്കാരുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെ ഒ.പി. പ്രവര്‍ത്തിക്കുന്നതാണ്. പുതുതായി ബെഡ്ഷീറ്റുകളും കമ്പിളിപ്പുതപ്പുകളും വാങ്ങിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളേയും ഉള്‍ക്കൊള്ളിച്ച് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ സര്‍ക്കാര്‍ നേരിടും. ഐ.എം.എ.യുടെ സേവനവും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

13 ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ മെഡിക്കല്‍ ക്യാമ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.