ഇരുനൂറോളം മത്സ്യത്തൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

single-img
1 December 2017

തിരുവനന്തപുരം: കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ 200 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ബോട്ടുകളിലും വള്ളങ്ങളിലും കടലില് പോയവരുമായുള്ള ആശയവിനിമയ ബന്ധവും നഷ്ടമായിരിക്കയാണ്. തീര സംരക്ഷണ സേനയും കോസ്റ്റ് ഗ്വാര്‍ഡും തെരച്ചില്‍ തുടരുകയാണ്.

കേരളത്തില്‍ നിന്ന് 18ഉം തമിഴ് നാട്ടില്‍ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു. കൊല്ലത്ത് നിന്നും പോയ കെന്നഡി, ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ ആണ് മടങി വരാത്തത്. അതേസമയം കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി. കാറ്റും മഴയും മൂലം കടലില് ഭീകരാന്തരീക്ഷമാണെന്നും കന്നാസിലും മറ്റും പിടിച്ച് കടലില് പലരും പൊങ്ങിക്കിടക്കാന് ശ്രമിക്കുന്നതായും രക്ഷപ്പെട്ടവര് പറഞ്ഞു. വേളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

തിരുവനന്തപുരത്തെ പൂന്തുറയില നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലില് പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. മുന്നറിയിപ്പ് നല്കുന്നതില് ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്.