ഓഖി ശക്തിപ്രാപിക്കുന്നു; 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

single-img
1 December 2017

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പോയവരില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 95 പേരെ രക്ഷപെടുത്തി. ഉള്‍ക്കടലിലുണ്ടായിരുന്ന ഒരു ജാപ്പനീസ് കപ്പല്‍ ഏകദേശം 60 പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. ഇവരുമായി വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരികയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചത് ഇനി 40 ഓളം പേരെ മാത്രമേ രക്ഷപെടുത്താന്‍ ബാക്കിയുള്ളൂ എന്നാണ്. ബാക്കിയുള്ളവരെയെല്ലാം കപ്പലിലെത്തിക്കാനോ വിമാനത്തിലേക്ക് എത്തിക്കാനോ കഴിഞ്ഞിട്ടുണ്ട്. ഹെലിക്കോപ്ടറില്‍ നിരീക്ഷണം നടത്തി കടലില്‍ പെട്ടുപോയവരെ കണ്ടെത്തി ഇവരെ വിമാനത്തിലേക്ക് മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

അതേസമയം രക്ഷപെടുത്തിയ പലരും അവശനിലയിലാണ്. കരയിലെത്തിക്കുന്നവരെ ആംബുലന്‍സുകളിലായി ആശുപത്രികളിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരെയും നിയോഗിച്ചു.

തമിഴ്‌നാട് തീരത്ത് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നുണ്ടെങ്കിലും, ഉള്‍ക്കടലില്‍ വീണ്ടും ശക്തമാകുന്നതായി വിവരം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും തിരുവനന്തപുരം, കൊല്ലം തീരങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരിത ദിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം കടലില്‍ കാണാതായ 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യബന്ധനത്തിനു പോയ എഴുപതോളം പേരുമായി രക്ഷാപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെന്നും മന്ത്രി അറിയിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായെന്നാണ് വിവരം. ആലപ്പുഴ കാട്ടൂര്‍ കടപ്പുറത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങളാണ് കടല്‍ക്ഷോഭത്തില്‍ കാണാതായത്. ലക്ഷകണക്കിനു രൂപയുടെ വലകളും കാണാതായി.

കോസ്റ്റ് ഗാര്‍ഡിന്റെയും വ്യോമസേനയുടെ നേത്യത്വത്തില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ വ്യോമസേന കണ്ടെത്തി. ഇവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡും നേവിയുടെ കപ്പലുകളും തിരിച്ചതായും അധികൃതര്‍ അറിയിച്ചു.