ഓഖി കടലില്‍ ശക്തിയാര്‍ജ്ജിക്കുന്നു;അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകം;തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞു

single-img
1 December 2017

തിരുവനന്തപുരം: ഓഖി ചുഴലക്കാറ്റ് കടലില്‍ ശക്തിയാര്‍ജ്ജിക്കുന്നു. തീരപ്രദേശങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. ലക്ഷദ്വീപില്‍ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലക്ഷദ്വീപില്‍ നിന്ന് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം.അതേസമയം ഓഖി ചുഴലികാറ്റിന്റെ ശക്തി കേരളത്തില്‍ കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

അതിനിടെ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞു. വേ​ളി​യി​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് പള്ളി​ക്കു​സ​മീ​പ​മാ​ണ് ബോ​ട്ട് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല.കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച്‌ കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഊര്‍ജിതമാക്കി. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല.

മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.

അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.