ഓഖി ചുഴലിക്കാറ്റ്; രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു

single-img
1 December 2017

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 163 പേരെ രക്ഷപെടുത്തി. അതേസമയം കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. പൂന്തുറ സ്വദേശി ക്രിസ്റ്റിയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കടലില്‍നിന്ന് രക്ഷപെടുത്തിയ മത്സ്യബന്ധന തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

163 പേരെയാണ് രക്ഷപെടുത്തിയിട്ടുള്ളത്. 53 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ഇവര്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്. അതിനിടെ, ഓഖി ചുഴലിക്കാറ്റ് ശക്തി വര്‍ധിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

എന്നാല്‍ കേരള തീരത്തും ചുഴലിക്കാറ്റിനുള്ള സാധ്യ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കേരളതീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.