ജിഹാദികള്‍ക്കും ജീവിതത്തിലേക്ക് തിരിച്ചു വരാം; വേറിട്ട പദ്ധതിയുമായി സൗദി അറേബ്യ

single-img
30 November 2017

റിയാദ്: തീവ്രവാദികളുടെ പുനരധിവാസത്തിന് വേറിട്ട പദ്ധതിയുമായി സൗദി സര്‍ക്കാര്‍. തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ ജിഹാദികള്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രമാണ് സൗദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വെട്ടിയൊതുക്കിയ പുല്‍ത്തകിടി, വലിയ സ്‌ക്രീനിലുള്ള ടിവികള്‍, രാജകീയമായ കിടക്കയും സ്വിമ്മിങ് പൂളും നടുമുറ്റവുമെല്ലാമുള്ള മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സിലിങ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് റിയാദിലാണ്. പ്രഥമ കാഴ്ച്ചയില്‍ ഇതൊരു ഫൈവ്സ്റ്റാര്‍ ഹോട്ടലാണെന്നേ തോന്നിപ്പിക്കൂ.

സമ്മര്‍ദ്ദങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയുമല്ല പകരം ആശയപരമായ ശുശ്രൂഷയാണ് ഇത്തരക്കാര്‍ക്ക് വേണ്ടതെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. സമൂഹത്തിലേക്ക് നല്ലമനുഷ്യരായി തിരിച്ചെത്താന്‍ ഒരവസരം, അതാണ് ജിഹാദി ഭീകരര്‍ക്കായി ഈ കേന്ദ്രം വിഭാവനം ചെയ്യുന്നത്.

ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഇവരുടെ ചിന്തകളും തെറ്റിദ്ധാരണകളും തിരുത്തുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ അബു മഖയെദ് പറയുന്നു. 2004ല്‍ സ്ഥാപിതമായ ഈ കേന്ദ്രം തീവ്രവാദത്തെ തുടച്ചു നീക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 3300ഓളം തീവ്രവാദികളെ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുന്നു.