കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

single-img
30 November 2017

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 12 മണിമുതലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുകയാണ്. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങിയിട്ടുണ്ട്.

ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കി.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.