കേരളത്തില്‍ കനത്ത മഴ: മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
30 November 2017

ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴയാണ്.

കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും.

കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്. റോഡില്‍ മരം വീണതിനെ തുടര്‍ന്നു കൊല്ലംചെങ്കോട്ട പാതയില്‍ ഗതാഗതം തടസപ്പെട്ടു. തെന്‍മലയ്ക്കു സമീപം കഴുതുരുട്ടിയിലാണ് റോഡിലേക്കു മരം വീണത്. പ്രദേശവാസികളും പോലീസും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.