‘പടയൊരുക്കി’ ചെന്നിത്തല തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പാളയത്തില്‍ പട: പാര്‍ട്ടിയില്‍ പൊട്ടിത്തെറി ?

single-img
30 November 2017


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര കാസര്‍കോടു നിന്നും തുടങ്ങുന്നത്. പാര്‍ട്ടിയുടെ കെട്ടുറപ്പിനുവേണ്ടിയാണ് യാത്ര നടത്തുന്നതെന്നായിരുന്നു ചെന്നിത്തലയുടെ അവകാശവാദം.

എന്നാല്‍ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ന്നോ എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തുടക്കത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത, വീരേന്ദ്ര കുമാറിന്റെ മുന്നണി മാറ്റം വരെ എത്തി നില്‍ക്കുന്നു. ഇത് യാത്ര നടത്തിയെത്തിയ ചെന്നിത്തലയ്ക്ക് വലിയ ക്ഷീണമാണ്.

കളങ്കിതരും ക്രിമിനല്‍ പശ്ചാത്തലമുള്ളതുമായ ആളുകളുടെ സാന്നിധ്യം അറിഞ്ഞോ അറിയാതെയോ സ്വീകരണ വേദിയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതുമുതല്‍ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതാണ്.

കെപിസിസി പട്ടികയില്‍ ഇടംനേടാതെ പോയ എ പി അബ്ദുള്ളക്കുട്ടി അടക്കം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒരു വന്‍നിര കോണ്‍ഗ്രസ് വിടുമെന്ന സൂചനയും ഇടയ്ക്ക് വച്ച് ഉയര്‍ന്നു. ഇത് ചെന്നിത്തലക്കും നേതാക്കള്‍ക്കും വലിയ തലവേദനയായി.

എന്നാല്‍ യാത്രക്ക് കളങ്കം വരരുത് എന്നുള്ളതിനാല്‍ ഇടഞ്ഞു നില്‍ക്കുന്നവരെയെല്ലാം യാത്ര കഴിയുന്നതുവരെ സോപ്പിട്ട് നിര്‍ത്തിയിരിക്കുകയാണ് ചെന്നിത്തല. ഇതിനിടയിലാണ് സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതും അതില്‍ ചെന്നിത്തലക്കെതിരെയും ആരോപണം ഉയരുന്നതും.

ഇതും വലിയ തിരിച്ചടിയാണ് ചെന്നിത്തലക്ക് ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പലവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ചെന്നിത്തല മുന്നേറി. എന്നാല്‍ പടയൊരുക്കം യാത്ര പാലക്കാട് ജില്ലയില്‍ പ്രവേശിച്ച അന്ന് തന്നെ 400 ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത് മറ്റൊരടിയായി.

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഘടകകക്ഷി നേതാക്കളുടെ ചിത്രം വെക്കാത്തതിനെതിരെയും വിവാദം ഉയര്‍ന്നു. യുഡിഎഫിന്റെ പേരില്‍ ഉയരുന്ന ബോര്‍ഡുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ നിയമിതനാകുന്നത്.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു പ്രശാന്ത് നായര്‍. ബിജെപിയിലേക്കുള്ള കലക്ടര്‍ ബ്രോയുടെ കൂടുമാറ്റവും പ്രതിക്ഷനേതാവിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.

ഏറ്റവും ഒടുവില്‍ പടയൊരുക്കം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പിനുവേണ്ടി നടത്തിയ യാത്ര മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചോ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. യുഡിഎഫ് നല്‍കിയ എംപി സ്ഥാനം രാജിവച്ച് എല്‍ഡിഎഫിലേക്ക് പോകാനുള്ള ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ തീരുമാനമാണ് ചെന്നിത്തലക്കും കൂട്ടര്‍ക്കും വലിയ തലവേദന ആയിരിക്കുന്നത്.

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് അപഹാസ്യരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ ഇരുട്ടടിയാണ് ഇത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന റിപ്പോര്‍ട്ടാണ് ബാലകൃഷ്ണപിള്ള കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് പരാതിപ്പെട്ടാണ് വീരേന്ദ്രകുമാര്‍ ആദ്യം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്. ഒടുവില്‍ രാജ്യസഭാംഗമായി വീരേന്ദ്രകുമാറിനെ പാര്‍ലമെന്റിലേക്ക് അയച്ച് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണിയിലേക്കുള്ള ചുവടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പടനയിച്ചെത്തിയ ചെന്നിത്തല ആകെ പെട്ടിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമാപനത്തോടെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.