ഭീതിപരത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും മാത്രമെ സാധ്യതയുള്ളൂ: സുനാമിയെന്നത് വ്യാജം

single-img
30 November 2017

കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ ജില്ലകളിലെ മഴക്കെടുതികളില്‍ അഞ്ചു മരണം. കൊട്ടാരക്കര കുളത്തുപ്പുഴയ്ക്കു സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ മരം വീണ് ഡ്രൈവര്‍ വിഷ്ണു മിരിച്ചു. നാലു മരണം കന്യാകുമാരി ജില്ലയിലാണ്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ പേമാരി ഇപ്പോഴും ശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ഭീതി പരത്തുന്ന പലതരം മെസേജുകളും വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും ആശങ്ക പ്പെടേണ്ടതില്ലെന്ന് ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫെയ്‌സ്ബുക്ക പോസ്റ്റ് ഇങ്ങനെ

തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികള്‍ വരാന്‍ ഇനി അധികം സമയം വേണ്ട. വാസ്തവത്തില്‍ കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോള്‍ നാം കാണുന്നത്.

ശ്രീലങ്കന്‍ തീരത്തു നിന്നും അറബിക്കടലിലൂടെ വടക്കു പടിഞ്ഞാറോട്ട് പോകുന്ന ഒരു കാറ്റാണ്. അതിന്റെ ഓരം പറ്റിക്കിടക്കുന്ന സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ മഴ കിട്ടുന്നതും, കാറ്റെല്ലാം കാണുന്നതും. പരമാവധി വേഗത മണിക്കൂറില്‍ എഴുപത്തി അഞ്ചു കിലോമീറ്റര്‍ ആണ് പറഞ്ഞിരിക്കുന്നത്.

കേരള തീരത്ത് അതിലും കുറവായിരിക്കും. കണ്ടിടത്തോളം നാളെയാവുമ്പോഴേക്കും ഇത് കേരള തീരം വിട്ടു പോവുകയും ചെയ്യും. വടക്കോട്ട് ഇതിന്റെ പ്രഭാവം ഉണ്ടാകാന്‍ സാധ്യത കുറവാണ്. സാമാന്യമായ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.

1. കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് എവിടെയും നില്‍ക്കുന്ന മരങ്ങള്‍ ആണ്. റോഡിലും വീടുകള്‍ക്ക് തൊട്ടു നില്‍ക്കുന്നതും ഒക്കെ മറിഞ്ഞു വീഴാന്‍ വഴിയുണ്ട്. വീടിന് തൊട്ടടുത്ത് വലിയ മരങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
2. നല്ല കാറ്റുള്ള സമയത്ത് വീടിന് പുറത്തിറങ്ങാതിരിക്കുക. കാറ്റുകളുടെ കണക്കില്‍ ഇതൊരു വലിയ സംഭവം ഒന്നുമല്ല, പക്ഷെ കാറ്റില്‍ പറന്നു വരുന്ന എന്തെങ്കിലും ഒക്കെ വന്ന് തലക്കടിച്ചാല്‍ മതിയല്ലോ. നാടുനീളെ അലുമിനിയം റൂഫ് ഉള്ളത് ഒരു പ്രത്യേക റിസ്‌ക് ആണ്.
3. കാറ്റും മഴയും ഒക്കെ ഉള്ളപ്പോള്‍ ഡ്രൈവ് ചെയ്യാതിരിക്കുന്നത് ആണ് കൂടുതല്‍ സുരക്ഷിതം.
4. കരണ്ടു പോകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിന് വെള്ളവും മൊബൈല്‍ ചാര്‍ജ്ജും ഉണ്ടെന്ന് ഉറപ്പു വരുത്തുക
5. വൈദ്യതി കമ്പികള്‍ മരം വീണും അല്ലാതെയും പൊട്ടി വീഴാന്‍ സാധ്യത ഉണ്ട്. അത് സൂക്ഷിക്കുക
6. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അത് കൊണ്ട് കടലില്‍ പോകരുതെന്നും IMD യുടെ മുന്നറിയിപ്പ് ഉണ്ട്. ശ്രദ്ധിക്കുമല്ലോ.
6. ഒരു ദിവസത്തില്‍ കൂടുതല്‍ ഇതിന്റെ കുഴപ്പം ഉണ്ടാവില്ല എന്ന് പറഞ്ഞല്ലോ, അത് കൊണ്ട് ഒരാഴ്ചത്തേക്കുള്ള ഭക്ഷണ വസ്തുക്കള്‍ ഒന്നും വാങ്ങിക്കൂട്ടേണ്ട ആവശ്യം ഇല്ല
7. പതിവ് പോലെ ഭീതിപരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക. അങ്ങനെ ഒന്ന് കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുക.
8. കാറ്റുകളെ പറ്റി ഏറ്റവും ആധികാരികമായ വിവരം India Meteorological Department നല്‍കുന്നതാണ്. അവര്‍ നല്ല ഒരു റിപ്പോര്‍ട്ട് ഇന്ന് രാവിലെ കൊടുത്തിട്ടുണ്ട്. ഇതില്‍ മാറ്റം വന്നാല്‍ അവര്‍ തന്നെ പുതിയ വിവരം നല്‍കുന്നതാണ്. http://www.imd.gov.in/pages/alert_view.php…
9. കാറ്റിനെ നേരിടാന്‍ എന്തൊക്കെ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ എവിടെ ബന്ധപ്പെടണം എന്നുമൊക്കെ Kerala State Disaster Management Authortiy താമസിയാതെ അവരുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. http://sdma.kerala.gov.in/
സുരക്ഷിതരായിരിക്കുക, കാറ്റും കടല്‍ ക്ഷോഭവും കാണാനും സെല്‍ഫി എടുക്കാനും പോകരുത്
മുരളി തുമ്മാരുകുടി

അതേസമയം ശബരിമല തീര്‍ഥാടകര്‍ക്കും തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്, വൈദ്യുതി തടസം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

മോട്ടര്‍ ഉപയോഗിച്ച് ജലം സംഭരിക്കുന്നവര്‍ വ്യാഴാഴ്ച പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക, വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് അടിയില്‍ നിര്‍ത്തിയിടരുത്, മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിനോദസഞ്ചാരികളെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മലയോര മേഖലയിലും, ജലാശയങ്ങളിലും വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്, ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങി മലയോര മേഖലയിലെയും തീരദേശമേഖലയിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രത്യക നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക, കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക, ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരികെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക, മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക, പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക,പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക, തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.