ഇവാന്‍കാ ഇനിയും ഇതു വഴി വരില്ലേ; ഹൈദരാബാദ് ചോദിക്കുന്നു

single-img
30 November 2017

ഹൈദരാബാദ്; ഹൈദരാബാദ് ഇപ്പോള്‍ പഴയ ഹൈദരാബാദല്ല. ഇവാന്‍ക ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോയ റോഡുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് പണിതീര്‍ത്തത്. ഒറ്റ ഗട്ടറുകളും നിരത്തില്‍ കാണാനില്ല. നടപ്പാതകളെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു.

റോഡ് ഡിവൈഡറുകളും സീബ്രാ ലൈനുകളും പുത്തന്‍ പെയിന്റില്‍ തിളങ്ങുന്നു. മരങ്ങളെപ്പോലും വെറുതെ വിട്ടിട്ടില്ല. ചിലയിടത്ത് മരക്കൊമ്പുകള്‍ പോലും പച്ചയും പിങ്കും നീലയും പെയിന്റടിച്ച് സുന്ദരിയാക്കിയിരിക്കുന്നു. യാചകരെല്ലാം അപ്രത്യക്ഷരായിരിക്കുന്നു.

അവരെല്ലാം സര്‍ക്കാരിന്റെ സങ്കേതങ്ങളില്‍ താല്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ ഒരു ട്രംപ് ടവര്‍ തന്നെ പണിയണമെന്നും അപ്പോള്‍ ഇവാന്‍ക ഇടയ്ക്കിടെ ഇവിടെ എത്തുമല്ലോയെന്നുമാണ് നഗരവാസികളുടെ പ്രതീക്ഷ. അതേസമയം ഇവാന്‍ക തങ്ങളുടെ നഗരങ്ങളും സന്ദര്‍ശിക്കണമെന്ന ആവശ്യമുയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായി പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ഫോട്ടോയോടൊപ്പം പ്രതിഷേധക്കാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുണ്ട്.

എന്നാല്‍ ഇതെല്ലാം പാടേ നിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി കെ.ടി. രാമ റാവു രംഗത്തു വന്നിരിക്കയാണ്. ഇതെല്ലാം മഴക്കാലപൂര്‍വ പതിവ് മരാമത്ത് പണി മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇവാന്‍കയുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡൊഴികെയുള്ള മറ്റു പാതകളുടെ അവസ്ഥ അതീവ ദയനീയമാണെന്ന് നഗരവാസികള്‍ തന്നെ അക്കമിട്ടു നിരത്തുന്നു.

ഹൈദരാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഹൈദരാബാദില്‍ എത്തിയത്. സമ്മേളനം പ്രധാനമന്ത്രി മോദിയും ഇവാന്‍ക ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഇവാന്‍കയ്ക്ക് രാജ്യം നല്‍കിയത് ചരിത്രത്തിലെ തന്നെ അത്യപൂര്‍വ സുരക്ഷയാണ്. ഇതിന് മുമ്പ് 1992 ല്‍ ഡയാന രാജകുമാരി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് രാജ്യം ഒരു സ്ത്രീയ്ക്ക് ഇത്രയും സുരക്ഷ നല്‍കിയത്. 10,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് മൂന്നു ദിവസത്തെ ഉച്ചകോടിയ്ക്ക് സുരക്ഷയൊരുക്കാനായി വിന്യസിച്ചിരിക്കുന്നത്.