പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി: കന്നുകാലി കശാപ്പ് നിരോധനം പിന്‍വലിച്ചേക്കും

single-img
30 November 2017

ന്യൂഡല്‍ഹി: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന. വിജ്ഞാപനം പിന്‍വലിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് 2017 മേയ് 23നാണ് വിവാദ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കശാപ്പ് നിരോധനത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഗോ സംരക്ഷകരുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ വ്യാപിച്ചത് കേന്ദ്രത്തിന് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. കര്‍ഷകരുടെ എതിര്‍പ്പും ശക്തമായിരുന്നു.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 ാം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് നേരിടേണ്ടി വന്നത്.

തുടര്‍ന്ന്, കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. കേരളം, പശ്ചിമ ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തിന് മറുപടി നല്‍കിയത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം.

പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൃഗസംരക്ഷണ പ്രവര്‍ത്തകരോടും ചര്‍ച്ചകള്‍ നടത്തി. വിജ്ഞാപനം പിന്‍വലിക്കുമെന്ന സൂചന ആദ്യം നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധനായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലത്തെയോ കര്‍ഷകരെയോ ബാധിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയതിന് മെയില്‍ മദ്രാസ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ജൂലൈയില്‍ സുപ്രീം കോടതി രാജ്യമാകെ സ്റ്റേ കൊണ്ടുവന്നതോടെ കേന്ദ്രം പ്രതിരോധത്തിലാവുകയായിരുന്നു. അതേസമയം വരാന്‍ പോകുന്ന ഗുജറാത്ത് തിരഞ്ഞൈടുപ്പാണ് കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.