നിനക്ക് ആരാടാ ഈ പേരിട്ടതെന്ന് മമ്മൂക്ക ചോദിച്ചു: ‘ഹബീബ് മുഹമ്മദ്’ എങ്ങനെ അബിയായി

single-img
30 November 2017

അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. കലാഭവനിലൂടെ മിമിക്രി രംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നു.

കൊച്ചിന്‍ കലാഭവനിലൂടെയാണ് അഭി മിമിക്രി രംഗത്തും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിയത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അഭിയുടെ മാസ്റ്റര്‍ പീസുകള്‍. മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു.

സ്റ്റേജ് മിമിക്രിയിലെ വണ്‍ മാന്‍ ഷോയില്‍ അബി സൃഷ്ടിച്ചെടുത്തത് സ്വന്തം സ്‌റ്റൈല്‍ തന്നെ. ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ഇത്രയും മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമില്ലെന്ന് വേണമെങ്കില്‍ പറയാം. മലയാളത്തിലെ ജാവദ് ജഫ്രി എന്നുവരെ അബിയെ താരങ്ങള്‍ വിശേഷിപ്പിച്ചിരുന്നു.

കലാഭാവന്‍ കൂടാതെ കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ട്രൂപ്പിലും അനുകരണ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന അബിയുടെ അന്നത്തെ സഹപ്രവര്‍ത്തകര്‍ ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, ഹരിശ്രി അശോകന്‍, ഷിയാസ് തുടങ്ങിയ കലാകാരന്മാര്‍ ആയിരുന്നു.

ഇവരോടൊപ്പം ചേര്‍ന്ന് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ മൂന്നൂറോളം മിമിക്രി ഓഡിയോ കാസറ്റുകളും അബി സ്വന്തമായി ഇറക്കിയിട്ടുണ്ട്. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി തന്നോട് ചോദിച്ച ചോദ്യം അബി ഒരിക്കല്‍ പങ്കുവെച്ചിരുന്നു.

നിനക്ക് ആരാടാ ഈ പേരിട്ടതെന്ന മമ്മുക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അബി പറഞ്ഞത്. ‘ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ.

നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി. അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കുമെന്നും അബി പേരിന്റെ കഥ പറയുമ്പോള്‍ പറഞ്ഞിരുന്നു.

അതേസമയം പഠനകാലം മുതല്‍ അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി നടന്‍ സലീകുമാര്‍ പറഞ്ഞു. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും സലീംകുമാര്‍ പറഞ്ഞു.

അബിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. അബിയുമൊത്തുള്ള സൗഹൃദം മരണം വരെ സൂക്ഷിക്കാന്‍ സാധിച്ചു. അടുത്തിടെ അന്തരിച്ച മിമിക്രി കലാകാരന്‍ ഷിയാസിന്റെ കുടുംബത്തിനായി ഒരു സ്‌റ്റേജ് ഷോ അബി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ അബിക്കൊപ്പം പങ്കെടുക്കാനായെന്നും സലീംകുമാര്‍ പറഞ്ഞു