അധ്യാപകനെ കുറിച്ച് അശ്ലീലവാക്കെഴുതി: 88 പെണ്‍കുട്ടികളെ സ്‌കൂളില്‍ പരസ്യമായി വിവസ്ത്രരാക്കി

single-img
30 November 2017

പ്രധാനാധ്യാപകനെ കുറിച്ച് അശ്ലീലവാക്കെഴുതിയതിന് വിദ്യാര്‍ഥികളെ വിവസ്ത്രരാക്കിയ അധ്യാപകരുടെ നടപടി വിവാദമാവുന്നു. അരുണാചല്‍ പ്രദേശിലെ പാപ്പും പരെ ജില്ലയിലെ താനി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നവംബര്‍ 23നാണ് സംഭവം. ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും 88 കുട്ടികളെയാണ് അധ്യാപകര്‍ വിവസ്ത്രരാക്കി ശിക്ഷ നടപ്പാക്കിയത്.

നവംബര്‍ 27നു വിദ്യാര്‍ഥിനികള്‍ ഇക്കാര്യം വിദ്യാര്‍ഥി സംഘടനയെ അറിയിച്ചതോടെയാണ് വിവാദ സംഭവത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രധാനാധ്യാപകനെയും സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയ കടലാസ് അധ്യാപകര്‍ക്ക് ലഭിച്ചതാണ് വിവാദ ശിക്ഷാവിധിയിലേക്ക് അധ്യാപകരെ നയിച്ചത്.

തുടര്‍ന്ന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മറ്റ് കുട്ടികളുടെ മുഴുവന്‍ മുന്‍പില്‍ വെച്ച് ആരോപണ വിധേയരായ കുട്ടികളോട് വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നോ രണ്ടോ പേരുടെ പക്വതയില്ലാത്ത പെരുമാറ്റത്തിനാണ് 88 വിദ്യാര്‍ഥികള്‍ക്ക് നേരെ ഹീനമായ ശിക്ഷാ നടപടി കൈാക്കൊള്ളാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്.

ഇത്തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകര്‍ വിവരം ധരിപ്പിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. വിദ്യാര്‍ഥി സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.

ഇറ്റാനഗറിലുള്ള വനിതാ പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായും പാപ്പും പരെ എസ്പി തമ്മെ അമോ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശിക്ഷ നേരിട്ട വിദ്യാര്‍ഥിനികളെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂളിലെ അധ്യാപികമാരെയും വനിതാ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം വലിയ വിവാദമായതോടെ അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറുന്നത് നിയമ വിരുദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തെറ്റുകള്‍ മാതൃകാപരമായി തിരുത്തുക എന്നതാണ് അധ്യാപകരുടെ ധര്‍മ്മമെന്നും ഇത്തരത്തിലുള്ള നടപടി ഒരിക്കലും സ്വീകാര്യമായ തിരുത്തല്‍ നടപടിയല്ലെന്നും അത്തരം ശിക്ഷാ വിധികള്‍ നടപ്പാക്കുന്നത് ബാലാവകാശത്തിനെതിരാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.