രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് ഇപ്പോള്‍ 13 വയസിലെ ഓര്‍മ്മ മാത്രം: മക്കളെയും ഭര്‍ത്താവിനെയും തിരിച്ചറിയാതെ ഷാനോന്‍

single-img
30 November 2017

സൗത്ത് വെയ്ല്‍സ് സ്വദേശിയായ 22കാരി പ്രസവത്തിനു ശേഷം മക്കളയും കാമുകനെയും മറന്ന് ജീവിക്കുന്നത് 13 വയസിലെ ഓര്‍മ്മകളില്‍. ഷാനോന്‍ എവെരെറ്റും കാമുകന്‍ ലോഡ്‌സും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിലാണ്
ഒരു രാത്രികൊണ്ട് സംഭവങ്ങള്‍ മാറിഞ്ഞത്.

രാത്രി പെട്ടെന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാനോനെ ഡോക്ടര്‍മാര്‍ ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റി. അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് നഷ്ടമായതോടെ ഷാനോനിന്റെ നില അതീവഗുരുതരമായിരുന്നു.

ലേബര്‍ റൂമില്‍ കാമുകന്‍ ലോഡ്‌സും ഷാനോനിന്റെ അമ്മ നിക്കോളയും കൂടെയുണ്ടായിരുന്നു. അമ്മയുടെയും കാമുകന്റെയും കൈപിടിച്ചു താന്‍ അവരെ വളരെയധികം സ്‌നേഹിക്കുന്നു എന്ന് ഷാനോന്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ പ്രസവത്തിനിടയില്‍ അപ്രതീക്ഷിതമായി ഷാനോനിന്റെ ബോധം നഷ്ടമാവുകയും ഹൃദയമിടിപ്പ് നിലക്കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ എത്ര ശ്രമിച്ചിട്ടും ബോധത്തിലേക്കു ഇവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഉടന്‍ കുഞ്ഞിനെ ഫോഴ്‌സ്പസ് കൊണ്ട് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. അമ്മയെ വെന്റിലേറ്ററിലേക്കും മാറ്റി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഷാനോനിന്റെ ജീവന്‍ നിലനിര്‍ത്താനായിരുന്നു ഡോക്ടര്‍മാര്‍ പിന്നീട് ശ്രമിച്ചത്.

ഒടുവില്‍ 68 മിനിറ്റ് നേരത്തെ നിരന്തരമായ പരിശ്രമങ്ങള്‍ക്കു ശേഷം ഷാനോന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ഹൃദയമിടിപ്പ് നിന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം ഉണ്ടായിക്കാണുമെന്നും അതുകൊണ്ട് ഷാനോനിന് ഓര്‍മക്കുറവ് സംഭാവിക്കാനോ ശരീരം തളര്‍ന്നു പോകാനോ സാധ്യതയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്‍കി.

ജീവിതത്തിലേക്കു തിരിച്ചു വന്ന ഷാനോനിന് അവളുടെ 13 വയസ്സ് വരെയുള്ള കാര്യങ്ങള്‍ മാത്രമേ ഓര്‍മയുണ്ടായിരുന്നുള്ളൂ. 13ാം വയസ്സില്‍ കുടുംബം കഴിഞ്ഞിരുന്ന വീട്, സ്ഥലം എല്ലാമവള്‍ നന്നായി ഓര്‍മിച്ചു. എന്നാല്‍ തനിക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നോ, കാമുകനെയോ ഒന്നുമവള്‍ ഓര്‍ക്കുന്നില്ല.

കുഞ്ഞുമകന്‍ നിക്കോയെയോ ആദ്യത്തെ കുട്ടിയായ മൂന്നുവയസ്സുകാരി മിക്കയെയോ പറ്റിയുള്ള ഒരു ഓര്‍മ്മകളും അവളില്‍ അവശേഷിച്ചിരുന്നില്ല. രണ്ടാഴ്ചക്കു ശേഷം ഷാനോന്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയി. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് ഷാനോന്‍ കഴിയുന്നത്.

ശരീരത്തിന് സ്വാധീനക്കുറവ് സംഭവിച്ചതിനാല്‍ ഫിസിയോതെറാപ്പി തുടരുന്നുണ്ട്. ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത്ര ശ്രദ്ധയോടെയാണ് ഷാനോനിനെ പരിപാലിക്കുന്നതെന്ന് അമ്മ പറയുന്നു. കാമുകനും ഷാനോനിന്റെ രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസം. പലവട്ടം കാമുകനെ കുറിച്ചും അവള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ കുറിച്ചും പറഞ്ഞിട്ടും അതൊന്നും ഷാനോനിന് ഓര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു.

എന്നാല്‍ ഷാനോന്‍ സുഖപ്പെടുന്നതും കാത്തിരിക്കുകയാണ് വീട്ടുകാര്‍. ഇടയ്ക്കിടെ കുഞ്ഞുങ്ങളെ അവള്‍ക്കരികില്‍ കൊണ്ടു വന്ന് അവരുടെ സാന്നിധ്യം അറിയിച്ച് പഴയ ഓര്‍മകളിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. തലച്ചോറിനെ ബാധിച്ച വൈകല്യം അവളുടെ കാഴ്ചയ്ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ എല്ലാവരെയും ഒരു നേരിയ നിഴല്‍ പോലെയാണ് കാണുന്നത്. നിരന്തരമായ പരിശ്രമത്താല്‍ ഷാനോനിന് ഇപ്പോള്‍ എഴുന്നേറ്റിരിക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും സാധിക്കുന്നുണ്ടെന്നാണ് അമ്മ പറയുന്നത്. നിക്കോളയ്ക്ക് ഷാനോനിനെ കൂടാതെ സുഖമില്ലാത്ത മറ്റൊരു മകള്‍ കൂടിയുണ്ട്.

ഷാനോനിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായതിനാല്‍ ചികിത്സാസഹായത്തിനായി ഇവര്‍ ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഷാനോനിന്റെ കുഞ്ഞുങ്ങള്‍ക്കും കാമുകന്‍ ലോഡ്‌സിനും തങ്ങള്‍ കഴിയുന്ന സ്ഥലത്തിനു അടുത്തു മറ്റൊരു വീടും ഇവര്‍ അന്വേഷിക്കുന്നുണ്ട്. ഇത് ഷാനോനിന്റെ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. എത്ര ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും തങ്ങള്‍ക്കു പഴയ ഷാനോനിനെ ഒരുനാള്‍ മടക്കികിട്ടുമെന്ന പ്രതീക്ഷയിലാണ് ഷാനോനിന്റെ കുടുംബം.