ഷെഫിന്‍ ജഹാനെ ആദ്യം കാണണം; നിലപാടുകളില്‍ മാറ്റമില്ലെന്നും, തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്നും ഹാദിയ

single-img
29 November 2017

സേലം: സുപ്രീം കോടതി അനുമതിയോടെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുന്നതിന് ഹാദിയ സേലത്തെ ഹോമിയോ കോളേജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്കു ഹാദിയ അപക്ഷേ നല്‍കും. അതേസമയം, ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ പറഞ്ഞു.

തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്നും ഹാദിയ പറഞ്ഞു. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു.

ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും ഹാദിയ പറഞ്ഞു.

മാത്രമല്ല, തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെന്നും ഹാദിയ വെളിപ്പെടുത്തി. ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗണ്‍സിലിങ് ഉണ്ടായിരുന്നെന്നും, കൗണ്‍സലിങ്ങിന്റെ പേരില്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും, അവര്‍ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടെന്നും ഹാദിയ വ്യക്തമാക്കി.