എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്

single-img
29 November 2017

തിരുവനന്തപുരം: താൻ എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എം.പി.വീരേന്ദ്രകുമാര്‍ രംഗത്ത്. യുഡിഎഫ് വിടുന്ന കാര്യമോ എല്‍ഡിഎഫില്‍ ചേരുന്ന കാര്യമോ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ് നില്‍ക്കുന്നത്. എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുമില്ല. ദേശീയ തലത്തില്‍ ജനതാദള്‍ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങള്‍ എസ്.ജെ.ഡിയായി നിന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. വേണ്ടി വന്നാല്‍ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംപി സ്ഥാനം രാജിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. നിതീഷ് കുമാറിനും സംഘ്പരിവാറിനും ഒപ്പം തുടരാനാവില്ലെന്നും വീരേന്ദ്രകുമാര്‍ വിശദീകരിച്ചു.

അതേസമയം വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിൽ ചേരുന്നതിനെ സംബന്ധിച്ചു യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇല്ലാത്ത കാര്യത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.