വിരാട് കോഹ്‌ലിയും ധോണിയും ബിസിസിഐക്കെതിരെ രംഗത്ത്

single-img
29 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് നാള്‍ക്കുനാള്‍ വളര്‍ന്നു വരികയാണെന്നും ഇതിന്റെ പങ്ക് താരങ്ങള്‍ക്കും ലഭിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ധോണിയും കോഹ്‌ലിയും ഉന്നയിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കോഹ്‌ലിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് ശമ്പളം ഇരട്ടിയാക്കണമെന്നും മറ്റു താരങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യത്തോടെ മോശമല്ലാത്ത രീതിയിലുള്ള ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാ‍ണ് കോഹ്‌ലി ആവശ്യപ്പെടുന്നത്.

സെപ്റ്റംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടത്. പരിശീലകന്‍ രവിശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുളളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് വിരാട് കോഹ്ലിയുളളത്.

നേരത്തെ ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.