സച്ചിന്റെ പത്താം നമ്പറും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

single-img
29 November 2017

ഇന്ത്യൻ ക്രിക്കറ്റിൽ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ പത്താം നമ്പർ ജഴ്സിയെന്ന് പറയുമ്പോൾ ഓർമ വരുന്ന ഒരു മുഖമേ ഉള്ള‍ൂ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ വിരമിക്കലോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയിൽനിന്ന് നമ്പർ പത്തും പടിയിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ശാർദുൽ ഠാക്കൂർ പത്താം നമ്പർ ജഴ്സി ധരിച്ചത് വിവാദമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം മാറ്റാൻ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി ആരാധകർ രംഗത്തിറങ്ങിയിരുന്നു. രോഹിത് ശർമപോലും ശാർദുലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ആരാധകരുടെ വികാരം കണക്കിലെടുത്ത് ഇപ്പോള്‍ ബി.സി.സി.ഐയും പത്താം നമ്പര്‍ ജഴ്‌സിയുടെ കാര്യത്തില്‍ തീരുമാനമെടുത്തു വെന്നാണ് റിപ്പോര്‍ട്ടുകള്‍. 10ാം നമ്പര്‍ ജഴ്‌സി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി നല്‍കേണ്ടതില്ലെന്ന് ബി.സി.സിഐ തീരുമാനിച്ചതായാണ് വിവരം.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജഴ്‌സി നമ്പര്‍ കളിക്കാരുടെ തെരഞ്ഞെടുപ്പാണ്, ഒരു നമ്പര്‍ തന്നെ ഉപയോഗിക്കണമെന്ന് ആരെയും നിര്‍ബന്ധിപ്പിക്കാറില്ല, ജഴ്‌സി നമ്പറിന്റെ കാര്യത്തില്‍ ഐസിസിയുടെ നിര്‍ദ്ദേശവും ഇതാണെന്നുമായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്