അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

single-img
29 November 2017

യുഎസില്‍ മിസിസിപ്പിയിലെ ജാക്സന്‍ സിറ്റിയില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു. ജലന്ധര്‍ സ്വദേശി സന്ദീപ് സിംഗ് (21)ആണ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്.

ഞായറാഴ്ച വീടിനുമുന്നില്‍ നിന്നാണ് സന്ദീപ് സിംഗിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുമുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കെ മാസ്‌ക്ക് ധരിച്ച മോഷ്ടാക്കള്‍ സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാലു വര്‍ഷം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ യുഎസ്സില്‍ എത്തിയ സന്ദീപ് ജോലി കിട്ടിയതോടെ ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ നാല് മോഷ്ടാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്ദീപ് സിംഗിന്റെ കൊലപാതകവും.