ദുബൈയില്‍ 4 ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്; മെട്രോ ബസ് സര്‍വീസുകളുടെ സമയത്തിലും മാറ്റം

single-img
29 November 2017

ദുബൈ: ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്. ദേശീയ ദിനത്തോടും നബി ദിനത്തോടും അനുബന്ധിച്ചാണ് പാര്‍ക്കിങ് സൗജന്യമാക്കുന്നത്. കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങള്‍, പെയ്ഡ് പാര്‍ക്കിംഗ് മേഖലകള്‍, പൊതു ബസ്സുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മോഡുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വാഹന പരിശോധന കേന്ദ്രം, രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയാണ് സേവനം ലഭ്യമാകുന്ന മേഖലകളെന്ന് ആര്‍ ടി എ പറഞ്ഞു. കൂടാതെ ബസ്, മെട്രോ, ട്രാം, സര്‍വീസ് സമയങ്ങളിലും മാറ്റമുണ്ട്.

നവംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ നാല് തിങ്കളാഴ്ച വരെയാണ് സൗജന്യ പാര്‍ക്കിങ് ലഭ്യമാവുക. നവംബര്‍ 30 വ്യാഴാഴ്ച മെട്രോ റെഡ് ലൈന്‍ സ്റ്റേഷനുകള്‍ രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി ഒന്ന് വരെ പ്രവര്‍ത്തിക്കും. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയും രണ്ട് ശനിയാഴ്ചയും രാവിലെ 10.00 മുതല്‍ രാത്രി ഒന്ന് വരെയും ഡിസംബര്‍ മൂന്ന് ഞായാറാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും.

അതേസമയം നവംബര്‍ 30 വ്യാഴാഴ്ച മെട്രോ ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍ രാവിലെ അഞ്ചര മുതല്‍ അര്‍ധരാത്രി ഒന്ന് വരെയാകും പ്രവര്‍ത്തിക്കുക. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയും രണ്ട് ശനിയാഴ്ചയും രാവിലെ 10.00 മുതല്‍ രാത്രി ഒന്ന് വരെയും ഡിസംബര്‍ മൂന്ന് ഞായാറാഴ്ച രാവിലെ അഞ്ചര മുതല്‍ അര്‍ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും.

വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി ഒന്ന് വരെ ദുബൈ ട്രാം സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതല്‍ രാത്രി ഒന്ന് വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി ഒന്ന് വരെയുമായിരിക്കും ദുബൈ ട്രാം സര്‍വീസ്.

പ്രധാന ബസ് സ്റ്റേഷനായ ഗോള്‍ഡ് സൂക്കില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ രാത്രി 12.29 വരെ സര്‍വീസ് ഉണ്ടാകും. അല്‍ ഖുബൈബ സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ രാത്രി 12.10 വരെ സര്‍വീസ് ഉണ്ടാകും. സബ് സേറ്റഷനായ സത്‌വയില്‍ നിന്ന് രാവിലെ അഞ്ച് മുതല്‍ രാത്രി 11.35 വരെയും, (റൂട്ട് സി 01) ഖുസൈസ് സ്റ്റേഷനില്‍ നിന്ന് രാവിലെ നാലര മുതല്‍ രാത്രി 12 വരെയും, അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ 11.30 വരെയും ജബെല്‍ അലി സ്റ്റേഷനില്‍ നിന്നും രാവിലെ അഞ്ച് മുതല്‍ 12 വരെയും സര്‍വീസ് ഉണ്ടായിരിക്കും.