കേരളീയർക്ക് മാവേലി സ്റ്റോറുകളും ഓണച്ചന്തകളും പരിചയപ്പെടുത്തിയ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

single-img
29 November 2017

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റർ ആശുപത്രിയിലായിരുന്നു അന്ത്യം.

വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് അദ്ദേഹത്തിന്‍റെ ചികിത്സ തുടർന്നിരുന്നത്. സി.പി.ഐ അംഗമായ അദ്ദേഹം ആറ് തവണ എം.എൽ.എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു.

1957 ലെ ആദ്യ കേരളാ നിയമസഭയിൽ അംഗമായിരുന്നു. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിയായ ഇദ്ദേഹമാണ് മാവേലി സ്റ്റോറുകൾക്കും ഓണച്ചന്തകൾക്കും തുടക്കമിട്ടത്.

എട്ടു വർഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു. സി.പി.ഐയുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്‍റെ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.