ദുബായിൽ പാവപ്പെട്ട പ്രവാസികൾക്ക് ഫ്രീയായി ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലുണ്ട് !

single-img
29 November 2017

നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ഇവിടെ ഭക്ഷണം സൗജന്യമാണ്. ഇത് ദൈവത്തിൽ നിന്നുള്ള സമ്മാനമായി കരുതുക’. ദുബായിലെ അൽ ബർഷയിലെ ജോർദാനിയൻ സ്വദേശിയുടെ ഫൗൾ ഡബ്ല്യൂ ഹമ്മൂസ് ഹോട്ടലിലാണ് ഇങ്ങനെ എഴുതി വച്ചിരിക്കുന്നത്. ജോലി തേടിയെത്തുന്ന സാധാരണക്കാരായ തൊഴിലാളികൾക്കാണ് ഇവിടെ ഫ്രീയായി ഭക്ഷണം നൽകുന്നത്.

അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികളും ജോലി തേടി ദുബായിലെത്തുന്നവരും ഭക്ഷണത്തിന് വേണ്ടി കഷ്‌ടപ്പെടുന്നത് കണ്ടാണ് താൻ ഇത്തരമൊരു പദ്ധതി തുടങ്ങിയതെന്ന് കടയുടമ ഫാദി അയ്യാദ് പറഞ്ഞു. മിക്കവരും വളരെക്കുറച്ച് പണവുമായാണ് ഇവിടെ ജോലി തേടി വരുന്നത്. അവർക്ക് ചെറിയൊരു സഹായമാകുമെന്ന് കരുതിയാണ് ഇത് തുടങ്ങിയത്. 2009 മുതൽ ദിവസവും പത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം വിളമ്പാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശയത്തോട് ആകൃഷ്‌ടരായ ചിലർ കടയിലെത്തുമ്പോൾ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം നൽകാനായി പണവും മറ്റും നൽകാറുണ്ട്. ചിലർ കൈയിൽ പണമില്ലെങ്കിലും നാണക്കേട് കാരണം ആരോടും ചോദിക്കാറില്ല. ഇവർ കടയിലെത്തിക്കഴിഞ്ഞാൽ ഇവിടെയുള്ള ഏറ്റവും വിലകുറഞ്ഞ ഭക്ഷണമാകും ആവശ്യപ്പെടുന്നത്. അത്തരക്കാർക്ക് സൗജന്യമായി വയറു നിറയെ ഭക്ഷണം കൊടുക്കുമെന്നും കടയുടമ വ്യക്തമാക്കി. ഇത്തരത്തിൽ ഭക്ഷണം കഴിച്ച് പോയ ആളുകളുടെ പ്രാർത്ഥന മാത്രം മതി തങ്ങൾക്ക് മുന്നോട്ട് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: കേരളകൗമുദി