പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി പ്രതി രക്ഷപെട്ടു; നാടിനെ നടുക്കിയ സംഭവം സിനിമാ സ്റ്റൈലിൽ എന്ന് കണ്ടു നിന്നവർ

single-img
29 November 2017

ചാരുംമൂട്: പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി പ്രതി രക്ഷപെട്ടു. മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ച കൊല്ലം സ്വദേശി ബിജു (കിളി ബിജു)വാണ് പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കായംകുളത്തിന് സമീപം ചാരുംമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രതി വന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാര്‍ മൂന്ന് കിലോമീറ്ററോളം പാഞ്ഞു. ഇതൊക്കെ കണ്ടു നിന്ന നാട്ടുകാർ പറയുന്നത് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു സംഭവവികാസങ്ങൾ എന്നാണ്.

സംഭവത്തില്‍ പരിക്കേറ്റ നൂറനാട് സ്റ്റേഷനിലെ സിപിഒ യജീന്ദ്രദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പ്രതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.