കേരള ബ്ലാസ്റ്റേഴ്സിന്റെ ഖ്യാതി ഇന്ത്യ വിട്ട് അങ്ങ് യൂറോപ്പിലേക്കും

single-img
29 November 2017

ഐഎസ്എല്‍ നാലാം സീസണില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഖ്യാതി ഇന്ത്യ വിട്ട് യൂറോപ്പിലേക്കുമെത്തിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലെ ജനപ്രിയ ക്ലബുകളിലൊന്നണത്രെ ഇപ്പോള്‍ കേരളത്തിന്റെ സ്വന്തം ടീം. കാരണമെന്തെന്നല്ലേ, ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെ സാന്നിദ്ധ്യം തന്നെ.

ബള്‍ഗേറിയയിലെ പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ ‘സ്പോര്‍ട്ടാലില്‍’ ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ തല്‍സമയ വിവരങ്ങളും ലേഖനങ്ങളും നിരവധിയുണ്ട്. ബള്‍ഗേറിയന്‍ ഭാഷയിലാണ് ഈ വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആരാധകരുടെ പ്രതികരണങ്ങളും നിരവധി വന്നിട്ടുണ്ട്.’സ്വീഡന്റെ ജഴ്സിയുമായി സാമ്യമുള്ള ടീം’ എന്നാണു ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള പ്രതികരണങ്ങളിലൊന്ന്.

ബെര്‍ബറ്റോവ് സ്വന്തം നിലയ്ക്കും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബെര്‍ബറ്റോവ് എഴുതിയ ബ്ലാസ്റ്റേഴ്‌സ് കുറിപ്പുകളുണ്ട്, ഒട്ടേറെ ചിത്രങ്ങളും. ഇവയ്ക്കും ബള്‍ഗേറിയനിലുള്ള നിന്നുള്ള കമന്റുകള്‍ കാണാം. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇവ വായിച്ചെടുക്കാന്‍ അല്‍പം പണിപ്പെടേണ്ടി വരുമെന്നു മാത്രം. ‘ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പില്‍ പെട്ടെന്ന് ഒരു ഗോളടിക്ക്’ ബള്‍ഗേറിയക്കാരനായ സാവ സ്റ്റോയ്‌ഷേവിന്റെ കമന്റ്.