രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി

single-img
29 November 2017

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കേസില്‍ നിര്‍ണായക തെളിവുകളായ ഫോണ്‍കാള്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്. സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകളാണ് ഉദയഭാനുവിനെതിരെ ഉള്ളത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സെപ്റ്റംബര്‍ 29നാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ബലമായി കടത്തിക്കൊണ്ടുവന്നതിനുശേഷം രേഖകളില്‍ ഒപ്പുവെപ്പിക്കുമ്പോള്‍ മരണം സംഭവിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.