കടുത്ത തണുപ്പിൽനിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീകാഞ്ഞുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു

single-img
29 November 2017

 

ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത തണുപ്പിൽ നിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീകാഞ്ഞുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു. തീ കാഞ്ഞശേഷം അതു കെടുത്താതെയാണ് അവർ കണ്ടെയ്നർ അടച്ചു കിടന്നുറങ്ങിയത്. ഇതാണു ശ്വാസംമുട്ടി മരിക്കാൻ കാരണം.

രുദ്രാപുർ സ്വദേശികളായ പങ്കജ്, അനിൽ, അമിത്, നേപ്പാള്‍ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ ദീപ് ചന്ദ്, അവ്ധാൽ എന്നിവരാണു മരിച്ചത്.

കേറ്ററിങ് പണിയെടുത്തിരുന്ന ഇവർ കന്റോൺമെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്നു പൊലീസ് അറിയിച്ചു. സൂപ്പർവൈസറായ നിർമൽ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല.

ഉടൻതന്നെ പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.