യു.എ.ഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ 30 മിനിറ്റിനകം വിസ: ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍

single-img
28 November 2017

അബൂദാബി: അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 30 മിനിറ്റിനകം വീസ അനുവദിക്കുന്നതിനു പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍ വന്നു. ഇതുവഴി 15 മുതല്‍ 30 മിനിറ്റിനകം യു.എ.ഇയിലേക്ക് വരുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കൗണ്ടറില്‍നിന്ന് വിസ കൈപ്പറ്റാന്‍ സാധിക്കും. അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഏത് രാജ്യത്തെയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ (നാല് ദിവസം) വിസ കൗണ്ടര്‍ വഴി നല്‍കും. 300 ദിര്‍ഹമാണ് വിസക്ക് ഈടാക്കുക.

നേരത്തേ ഓണ്‍ അറൈവല്‍ വിസ സൗകര്യമില്ലാതിരുന്ന രാജ്യക്കാര്‍ക്കു കൂടി പുതിയ സേവനം ലഭിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. ഇതിനായി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചുകഴിഞ്ഞു. അബുദബി വഴി കടന്നുപോകുന്നവര്‍ക്കും ഇവിടേക്കുമാത്രമായി എത്തുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

അബൂദബി കള്‍ച്ചറല്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ടമെന്റ്, അബൂദബി എയര്‍പോര്‍ട്ടുകള്‍, ഇത്തിഹാദ് എയര്‍വെയ്‌സ് തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ലൈഫ് ഇന്‍ അബൂദബി പദ്ധതിയുടെ ഭാഗമായാണ് പുതിയ വിസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയിലായിരുന്നു പദ്ധതിയുടെ തുടക്കം. വിവിധ മിഷന്‍ വിസകള്‍, ടൂറിസ്റ്റ് വിസകള്‍, ട്രാന്‍സിറ്റ് വിസകള്‍ എന്നിവയാണ് പുതുതായി ആരംഭിച്ച വിസ കൗണ്ടറില്‍ നിന്നും ലഭിക്കുക.

ടെര്‍മിനല്‍ മൂന്നിലെ കൗണ്ടറിലെത്തി അപേക്ഷ നല്‍കിയാല്‍ പരമാവധി അരമണിക്കൂറിനുള്ളില്‍ വിസ കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി ആവിഷികരിച്ചിരിക്കുന്നത്. കൂടുതല്‍ ദിവസം താമസിക്കണമെന്നുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ ടൂറിസ്റ്റ് വിസയാക്കി മാറ്റുവാനുള്ള സൗകര്യവും ഇവിടെയുണ്ടായിരിക്കും. നേരത്തേ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമേ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉണ്ടായിരുന്നുള്ളൂ.

ബാക്കിയുള്ളവര്‍ സ്വദേശത്ത് നിന്ന് തന്നെ വിസ ശരിയാക്കിയ ശേഷം വരുന്ന സ്ഥിതിയായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ രംഗങ്ങളില്‍ മുന്നിലെത്താന്‍ പുതിയ സംവിധാനത്തിലൂടെ അബൂദബിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹ്മദ് അലി അല്‍ ദഹേരി പറഞ്ഞു.