സൗദിയില്‍ പൊതുപരിപാടി സംഘടിപ്പിച്ച നാല് മലയാളികള്‍ അറസ്റ്റില്‍

single-img
28 November 2017

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹസ്സ നഗരത്തില്‍ നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി അനുവാദം വാങ്ങാതെ പൊതുപരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പൊലീസ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ മുന്‍കൂട്ടി അനുവാദമില്ലാതെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിരോധനമുണ്ട്.

ഇത് മറികടന്ന് പരിപാടി സംഘടിപ്പിച്ച മലയാളി സംഘടനാ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍ എന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലുടനീളം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹിത്യോത്സവം പരിപാടി ഇവരുടെ പ്രദേശമായ അല്‍ഹസ്സയില്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്നു.

എന്നാല്‍ പരിപാടിയുടെ തലേദിവസം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ ഇതുവരെ വിട്ടയച്ചിട്ടില്ല. അതേസമയം മുന്‍കൂട്ടി അനുവാദമില്ലാതെ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും നിരവധി പരിപാടികള്‍ ഹോട്ടലുകളിലും മറ്റും മലയാളികളുടെതായി അരങ്ങേറാറുണ്ട്.

പ്രവാസ രാജ്യങ്ങളിലെ നിയമ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അവ ലംഘിച്ചാലുള്ള പ്രത്യാഘാതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ഇന്ത്യക്കാരെ ഉപദേശിച്ചു.