സുരേഷ് റെയ്‌നയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ടീമംഗങ്ങള്‍: വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നല്‍കി സച്ചിന്‍

single-img
28 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള റെയ്‌നയുടെ ആരാധകരും സഹതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകളുമായെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റെയ്‌നയെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് ഉച്ചഭക്ഷണം നല്‍കിയാണ് പിറന്നാള്‍ ആഘോഷിച്ചത്.

റെയ്‌നയും ഭാര്യ പ്രിയങ്കയും മകള്‍ ഗ്രാഷ്യയും ഉച്ചഭക്ഷണത്തിന് വന്നതില്‍ അതീവ സന്തോഷവാനാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. കൂടാതെ റെയ്‌നക്ക് പിറന്നാള്‍ മധുരം നല്‍കുന്ന ചിത്രവും സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വി.വി.എസ് ലക്ഷ്മണ്‍, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, ന്യൂസ്ലാന്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെണ്ടന്‍ മക്കല്ലം എന്നിവരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ ധോണിയെ കുറിച്ച് റെയ്‌ന പറഞ്ഞ കാര്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. വൈകാരികമായി ധോനി ഒന്നിനോടും പ്രതികരിക്കില്ല. കണ്ണുകള്‍ എപ്പോഴും ഒരു പോലെയായിരിക്കും. ഒന്നു ചിരിക്കൂ, അല്ലെങ്കില്‍ കരയൂ എന്ന് ധോനിയോട് പറയാന്‍ തോന്നും.

പക്ഷേ പല സമയത്തും ധോനി ദേഷ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നിങ്ങള്‍ക്കത് ക്യാമറയില്‍ കാണാനാവില്ല. ടിവിയില്‍ പരസ്യം വരുന്ന സമയത്താണ് ധോനിയുടെ ഈ ദേഷ്യപ്പെടല്‍. ഓരോ മത്സരത്തിന്റെയും സാഹചര്യങ്ങള്‍ വായിച്ചെടുക്കാന്‍ ധോനിക്ക് കഴിവുണ്ട്. ഇത് എന്റെ ടീമാണ് എന്ന് മറ്റു താരങ്ങള്‍ ചിന്തിക്കാനുള്ള അവസരം ധോനി ഒരുക്കിക്കൊടുക്കും.

ഒരു ചെസ്സ് താരത്തെ പോലെ ആര്‍ക്കും ധോനിയുടെ നീക്കങ്ങള്‍ വായിച്ചെടുക്കാം. സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ മനസ്സില്‍ കൃത്യമായി എല്ലാം ധോനി കണക്കുകൂട്ടിയിട്ടുണ്ടാകും. റെയ്‌ന പറയുന്നു. എപ്പോഴും ഒന്നിലധികം പ്ലാനുമായാണ് ധോനി കളിക്കാനിറങ്ങുക. ഒരു പ്ലാന്‍ മാത്രം ധോനിയെ തൃപ്തിപ്പെടുത്തില്ല. പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ വ്യത്യസ്ത പ്ലാനുകളുണ്ടാകും.

ഒരിക്കല്‍ പാകിസ്താനില്‍ കളിക്കുന്നതിനിടയില്‍ നടന്ന രസകരമായ ഒരു സംഭവത്തെ കുറിച്ചും റെയ്‌ന പരിപാടിയില്‍ മനസ്സു തുറന്നു. പാകിസ്താനെതിരെ കളിക്കുമ്പോള്‍ ഉമര്‍ അക്മല്‍, ധോനിയോട് എന്നെക്കുറിച്ച് പരാതി പറഞ്ഞു. ഞാന്‍ അവനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു പരാതി.

തുടര്‍ന്ന് ധോനി എന്നെ അടുത്തേക്ക് വിളിച്ചു. ഞാന്‍ ഉമറിനെ അധിക്ഷേപിച്ചോ എന്നു ചോദിച്ചു. നന്നായി അടിച്ചുകളിച്ച് വിജയിക്കാനുള്ള റണ്‍സ് എടുക്കൂ എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂവെന്ന് ധോനിക്ക് മറുപടി നല്‍കി. അതുപോലെ ഇനിയും പറഞ്ഞ് ഉമറിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കൂ എന്നായിരുന്നു ധോനിയുടെ മറുപടിയെന്നും റെയ്‌ന പറഞ്ഞിരുന്നു.