ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ചേതേശ്വര്‍ പൂജാര: എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിങ്ങ്

single-img
28 November 2017

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിന്റെ റെക്കോഡും കോഹ്‌ലി കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറി കുറിച്ചതുമെല്ലാം വലിയവാര്‍ത്തയായിരുന്നു.

എന്നാല്‍ ചേതേശ്വര്‍ പൂജാര ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിയത് അധികമാരും ശ്രദ്ധിച്ചില്ല. പരമ്പരയില്‍ ഇതുവരെ ഇന്ത്യ ബാറ്റ് ചെയ്ത എട്ട് ദിവസവും ബാറ്റിങിനിറങ്ങിയാണ് ചേതേശ്വര്‍ പൂജാര അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആദ്യ അഞ്ച് ദിവസവും ബാറ്റ് ചെയ്ത പൂജാര നാഗ്പൂരില്‍ ഇന്ത്യ ബാറ്റ്‌ചെയ്ത മൂന്ന് ദിവസവും ക്രീസിലെത്തുകയും രണ്ട് മത്സരങ്ങളില്‍ നിന്നുമായി 217 റണ്‍സ് നേടുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മഴ കളിച്ചപ്പോള്‍ എട്ട് റണ്‍സുമായാണ് പുജാര ക്രീസിലുണ്ടായിരുന്നത്. മൂന്നാംദിനം വീണ്ടും ബാറ്റിംഗ് ആരംഭിച്ച താരം അര്‍ദ്ധസെഞ്ച്വറി(52)നേടിയ ശേഷമാണ് പുറത്തായത്. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും ക്രീസിലെത്തിയ താരം അന്ന് രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്യുകയും അവസാന ദിവസം ബാറ്റിംഗ് തുടര്‍ന്ന താരം 22 റണ്‍സ് നേടി പുറത്താകുകയുമായിരുന്നു.

നാഗ്പൂരില്‍ ആദ്യദിനം ചായയ്ക്കുശേഷം ക്രീസിലെത്തിയ താരം രണ്ടാംദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് 121 റണ്‍സ് സ്വന്തമാക്കി. മൂന്നാം ദിവസവും ബാറ്റിംഗ് തുടര്‍ന്ന താരം 143 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും വിജയിച്ചിരുന്നു. പൂജാരയെ കൂടാതെ ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മയും മുരളി വിജയും സെഞ്ച്വറി നേടിയപ്പോള്‍ നായകന്‍ വിരാട് കോഹ്ലി ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു.