പത്മാവതിക്കെതിരായ ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി: സിനിമക്കെതിരെ സംസാരിച്ച മുഖ്യമന്ത്രിമാര്‍ക്ക് താക്കീത്

single-img
28 November 2017

ബോളിവുഡ് സിനിമ പത്മാവതിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോടതി നിരീക്ഷിച്ചു.

ഒരു സിനിമ പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തില്‍ വരുന്ന വിഷയമാണെന്നും സുപ്രീംകോടതി പറഞ്ഞു. ചിത്രം പരിശോധിച്ച ശേഷം ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു പറയാന്‍ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് സാധിക്കുകയെന്നും അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി.

സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സിബിഎഫ്‌സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നേരത്തേ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര റാണി പത്മാവതിയുടെ സ്വഭാവഹത്യയാണ് സിനിമയിലുടെ ചെയ്യുന്നതെന്നും ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ആരോപിച്ചിരുന്നത്. സഞ്ജയ് ലീല ബെന്‍സാലിയുടെ സിനിമയില്‍ രജപുത്ര റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജപുത്ര വിഭാഗമാണ് ആദ്യം പ്രക്ഷോഭവുമായി എത്തിയത.്