“മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണ്; എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ട്”

single-img
28 November 2017

സെന്‍സറിംഗ് സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്നും സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള മീഡിയ അക്കാദമിയില്‍ സ്‌കോളര്‍ ഇന്‍ ക്യാമ്പസ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അടൂര്‍. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ത്ഥികളുടെ ഫിലിം ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സിനിമക്കാരുടെ സംരക്ഷണത്തിനായിട്ടാണ് സെന്‍സര്‍ ബോര്‍ഡിന് രൂപം കൊടുത്തത്.

സെന്‍സറിങ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണെന്ന് എസ് ദുര്‍ഗ്ഗ എന്ന ചിത്രം സംബന്ധിച്ച വിവാദത്തെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. എസ്. ദുര്‍ഗ്ഗ താന്‍ കണ്ട ചിത്രമാണെന്നും ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പ്രകടനത്തെയല്ലാതെ കലാകാരന്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ല. കലാകാരന്‍മാര്‍ പ്രതികരണ ശേഷിയുള്ളവരാകണമെന്ന് ചലച്ചിത്രനടന്‍ അലന്‍സിയറുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കേവലം അഭിനേതാവ് മാത്രമല്ല, സമൂഹത്തിന്റെ ഭാഗം കൂടിയാണ് നടന്‍. നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണ്. എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ട്. നടീനടന്‍മാരുടെ ശരീരഭാഷ കഥാപാത്രത്തിന് അനുയോജ്യമാകണമെന്നും അടൂര്‍ പറഞ്ഞു. പ്രേക്ഷകരെ എത്രമാത്രം വിഡ്ഢിയാക്കാമോ അത്രമാത്രം പണം വാരാം എന്ന നിലയിലേക്ക് സിനിമ എത്തിയിരിക്കുന്നു.

സിനിമാവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആയി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ വായനക്കാര്‍ തെറ്റിദ്ധരിക്കുന്നു. ബാഹുബലിയുടെ ‘കട്ടപ്പ’ പരസ്യം തെറ്റിദ്ധാരണാപരമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണചെലവിനേക്കാള്‍ പബ്ലിസിറ്റിക്ക് ചെലവാകും. സിനിമാ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും നിയമം കൊണ്ട് വഴിവിട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.