വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമായി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര നേട്ടം

single-img
28 November 2017

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം. ഹരിയാനയെ അവരുടെ സ്വന്തം നാട്ടില്‍ തകര്‍ത്ത് കേരളം രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഏകപക്ഷീയമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ വിജയം. ഹരിയാന 78.3 ഓവറില്‍ 173ന് ഓള്‍ ഔട്ടായി.

ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടില്‍ വ്രവേശിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും സഹിതം 34 പോയന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കേരളത്തിന് 31 പോയന്റാണ് ളളത്. ഇതോടെ രാജ്യത്തെ ക്രിക്കറ്റ് മികവില്‍ മുന്നിട്ടുനില്‍ക്കുന്ന എട്ടു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളവും. 1994-95 കാലത്തു പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയതാണ് ഇതിനു മുന്‍പു രഞ്ജിയിലെ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം.

1996-97ല്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലെത്തിയെങ്കിലും സൗത്ത് സോണിനപ്പുറം പോയില്ല. പിന്നീട് പ്ലേറ്റ് എലൈറ്റ് രീതിയില്‍ രഞ്ജി ട്രോഫി നടന്നപ്പോള്‍ 2002-03 സീസണില്‍ പ്ലേറ്റ് വിഭാഗം ഫൈനലിലെത്തി. എന്നാല്‍ അവസാന നോക്കൗട്ട് ഘട്ടത്തിലെത്തിയില്ല.
ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ ഗുജറാത്തിനോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്.

ആദ്യ ഇന്നിംഗ്‌സില്‍ ഹരിയാനയെ 208 റണ്‍സില്‍ ആള്‍ ഔട്ടാക്കിയശേഷം കേരളം 389 റണ്‍സെടുത്തിരുന്നു. മൂന്നാം ദിവസമായ ഇന്നലെ 181 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഹരിയാന നാലാം ദിനത്തില്‍ 83/5 എന്ന നിലയിലാണ് കളി തുടങ്ങിയത്.

രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയയ ഹരിയാനയെ ബേസിലും ജലജ് സക്‌സേനയും എം.ഡി നിധീഷും സന്ദീപ് വാര്യരും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. ഓപ്പണര്‍ ജി.എ സിംഗിനെ (3) ഏഴാം ഓവറില്‍ സച്ചിന്‍ ബേബിയുടെ കൈയിലെത്തിച്ച് സന്ദീപാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് രോഹില്ലും (10) ബിഷ്‌ണോയ്യെയും (15) സകസേന പുറത്താക്കി. ശിവം ചൗഹാന്‍ (6), ആര്‍.പി . ശര്‍മ്മ (4) എന്നിവരാണ് ബേസിലിനിരകളായത്. അവസാന ദിനമായ ഇന്ന് കേരളം രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യേണ്ടി വരുമോ എന്നത് മാത്രമായിരുന്നു ശേഷിച്ച ആകാംക്ഷ.

കേരളത്തിനായി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അതിഥി താരം ജലജ് സക്‌സേനയാണ് ക്വാര്‍ട്ടറിലേക്ക് കേരളത്തെ നയിച്ചത്. നേരത്തെ ജലജ് സക്‌സേന (91), രോഹന്‍ പ്രേം (93), ബേസില്‍ തമ്പി (60), മുഹമ്മദ് അസ്ഹറുദ്ദീന്‍ (34), സല്‍മാന്‍ നിസാര്‍ (33), നിതീഷ് (22 നോട്ടൗട്ട്), എന്നിവരുടെ ബാറ്റിംഗാണ് ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തെ 389 ലെത്തിച്ചത്.

സ്‌കോര്‍: ഹരിയാണ ഒന്നാം ഇന്നിങ്‌സ് 208, രണ്ടാം ഇന്നിങ്‌സ് 173. കേരള ഒന്നാം ഇന്നിങ്‌സ് 389.

നിര്‍ണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്ത് കേരളത്തിന് ഒരു കളി അനുകൂലമാക്കി. കഴിഞ്ഞ സീസണിലെ ഫോം നിലനിര്‍ത്താനാകാതെ പോയ രോഹന്‍ പ്രേമും കൃത്യസമയത്ത് മികച്ച ഇന്നിങ്‌സുകളുമായി കേരളത്തെ രക്ഷിച്ചു.