ചെടികള്‍ തിന്നതിന് കഴുതകളെ പിടിച്ച് ജയിലിലടച്ചു: പോലീസിന്റെ വിചിത്ര നടപടി വിവാദത്തില്‍

single-img
28 November 2017

ഉത്തര്‍പ്രദേശ്: സര്‍ക്കാരിന് നാശനഷ്ടം വരുത്തിയെന്നാരോപിച്ച് കഴുതകളെ ജയിലിലടച്ച് വിചിത്ര നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. ജലൗണ്‍ ജില്ലയിലെ വില കൂടിയ ചെടികള്‍ തിന്നതിനാണ് ഒരുകൂട്ടം കഴുതകളെ നാല് ദിവസം ജയിലില്‍ അടച്ചതെന്ന് പോലീസ് വിശദീകരിച്ചു.

ഈ മാസം 24നാണ് കഴുതകളെ ജയിലിലടച്ചത്. ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപയുടെ ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജയിലില്‍ വളര്‍ത്താനായി പരിചരിച്ചുവന്ന ചെടികളാണ് കഴുതകള്‍ തിന്നുകളഞ്ഞതെന്ന് ജയിലിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍.കെ.മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കല്‍ താക്കീത് നല്‍കി കഴുതകളെ ഉടമസ്ഥനോടൊപ്പം അയച്ചെങ്കിലും പിന്നീടും കുറ്റം ആവര്‍ത്തിച്ചതോടെയാണ് എട്ടോളം വരുന്ന കഴുതകളെ ജയിലില്‍ അടച്ചത്. അതേസമയം ഉടമയായ കമലേഷ് കഴുതകളെ കാണാതെ ആദ്യം പരിഭ്രാന്തനായെങ്കിലും ഒടുവില്‍ ജയിലില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.

വിട്ടയക്കണമെന്ന അപേക്ഷയുമായി കമലേഷ് അധികൃതരെ സമീപിച്ചെങ്കിലും നാല് ദിവസം കഴിഞ്ഞേ പറ്റൂ എന്നായിരുന്നു മറുപടി. തുടര്‍ന്ന് നാല് ദിവസത്തെ ജയില്‍ വാസത്തിനുശേഷം ഇന്ന് രാവിലെ കഴുതകളെ മോചിപ്പിച്ചെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.