കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ സെക്രട്ടറിയായപ്പോള്‍ ‘പെട്ടത്’ ചെന്നിത്തല: മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ‘കൂടുമാറ്റത്തില്‍’ ചെന്നിത്തലക്കെതിരെ ഒരു വിഭാഗം നേതാക്കള്‍

single-img
28 November 2017

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ നിയമിതനായതോടെ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു പ്രശാന്ത് നായര്‍.

പ്രശാന്തിനെ നിയമിച്ചത് അന്നു തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ശത്രുപക്ഷത്ത് കാണുന്ന വ്യക്തി എങ്ങനെ കെ പി സി സി അധ്യക്ഷനായിരുന്ന നേതാവിന്റെ സെക്രട്ടറിയായി എന്നതായിരുന്നു അന്നത്തെ വിവാദം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് കടുത്ത വിരോധം വച്ച് പുലര്‍ത്തുന്നതായിരുന്നു പ്രശാന്തിന്റെ പല നിലപാടുകളും.

സോളാര്‍ വിഷയം ആസ്പദമാക്കി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഇദ്ദേഹം നടത്തിയ നീക്കങ്ങളും വിവാദമായിരുന്നു. ആ പ്രോജക്റ്റ് പിന്നീട് നടന്നില്ല. അങ്ങനൊരാള്‍ യുഡിഎഫ് മന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായത് പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് കലക്ടര്‍ പദവി നല്‍കി പ്രശാന്തിനെ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നും നീക്കിയത്.

തുടര്‍ന്ന് കോഴിക്കോട് എംപി എം കെ രാഘവനെ വ്യക്തിപരമായി അധിക്ഷേപിച്ച് കലക്ടര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് യു ഡി എഫ് ഭരണകാലത്ത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിയമിച്ച താത്കാലിക ജീവനക്കാരെ കളക്ടര്‍ പിരിച്ചുവിട്ടതാണ് എംപി രാഘവനെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് എംപി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് പടയൊരുക്കം തുടങ്ങിയതോടെ പിന്‍വാതില്‍ നിയമനത്തിലൂടെ വന്നവരെ കളക്ടര്‍ പിരിച്ചുവിട്ടുകൊണ്ട് കോണ്‍ഗ്രസിനെതിരെ കരുക്കള്‍ നീക്കി.

പകരം പുതിയ ആള്‍ക്കാരെ നിയമിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ ഡി സി സി അധ്യക്ഷന്‍ കെ സി അബുവുമായും അദ്ദേഹം പരസ്യ വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് പ്രശാന്ത് നായരുടെ കോണ്‍ഗ്രസ് വിരോധവും ആര്‍ എസ് എസ് ബന്ധവും യു ഡി എഫിലും കോണ്‍ഗ്രസിലും വിവാദമായിരുന്നു. ഇതിനിടയിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

എന്നാല്‍ പ്രശാന്തിന്റെ ബിജെപി ബന്ധം തിരിച്ചറിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ജനപ്രിയ കലക്ടറായിരുന്ന പ്രശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. എന്നാല്‍ ആ പദവി ഏറ്റെടുക്കാതെയാണ് നീണ്ട അവധിയില്‍ പ്രവേശിച്ച പ്രശാന്ത് ബി ജെ പി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി ഇപ്പോള്‍ നിയമിതനയിരിക്കുന്നത്. ഇത് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.