കാലനെത്താ ദേശങ്ങള്‍: ഇത് ഭൂമിയിലെ ബ്ലൂസോണുകള്‍

single-img
28 November 2017

മരണം കടന്നു ചെല്ലാന്‍ മടിക്കുന്ന ഭൂമിയിലെ ദേശങ്ങളാണ് ബ്ലൂസോണുകള്‍. ജപ്പാനിലെ ഓകിനാവാ, ഇറ്റലിയിലെ സാര്‍ദീനിയ, കോസ്റ്ററീക്കയിലെ നികോയ, ഗ്രീസിലെ ഇക്കാരിയാ, യു.എസ്.എ.യിലെ ലോമാലിന്‍ഡ, സാര്‍ദീനിയയിലെ ഓഗ്ലിയാസ്ട്രാ എന്നിവയാണ് പ്രമുഖ ബ്ലൂസോണുകള്‍.

ജപ്പാനിലെ ഓകിനാവയില്‍ 400 ഓളം പേരാണ് 100 വയസു കവിഞ്ഞ പൗരന്മാര്‍. സ്ത്രീകള്‍ കുറഞ്ഞത് 90 വയസുവരെ ജീവിച്ചിരിക്കുമ്പോള്‍ പുരുഷന്മാരുടെ കുറഞ്ഞ ആയുസ് ഇവിടെ 84 ആണ്. ബ്ലൂസോണുകളില്‍ ഏറ്റവുമധികം നൂറുവയസ്സുകഴിഞ്ഞ സ്ത്രീകള്‍ ഓകിനാവായിലാണ്.

കാന്‍സര്‍, ഹൃദയാഘാതം, വിഷാദരോഗം, രക്തസമ്മര്‍ദ്ദം എന്നിവ ലോകത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇവിടെ കുറവാണെന്നു കാണാം. ഈ വൃദ്ധര്‍ തങ്ങളുടെ സമയം മുഴുവന്‍ പച്ചക്കറിത്തോട്ടത്തിലും ജപ്പാനിലെ തനത് വ്യായാമമുറയായ തായ്ചി പരിശീലനത്തിലും സൈക്കിള്‍ സവാരിക്കുമായി ഉപയോഗിക്കുന്നു.

പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യയോഗ്യമായ കടല്‍പ്പായല്‍, ആട്ടിന്‍പാല്‍, പാല്‍ക്കട്ടി, പന്നിയിറച്ചി എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം. മറ്റൊരു ബ്ലൂസോണായ ഇക്കാരിയ ദ്വീപില്‍ മൂന്നിലൊരാള്‍ 90 വയസ്സു പിന്നിട്ടവരാണ്. 105 വയസുകഴിഞ്ഞവര്‍ സ്വയം നൂല്‍ നൂറ്റും തയ്യലിലേര്‍പ്പെട്ടും മറ്റും അവരവര്‍ക്കുള്ളത് സമ്പാദിക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

വാര്‍ധക്യത്തിലെ പേടിസ്വപ്നമായ ഡിമെന്‍ഷ്യ അഥവാ മറവിരോഗം ബാധിച്ച രോഗികള്‍ ഇവിടെ അത്യപൂര്‍വമാണ്. സെഞ്ചുറിയന്‍മാരായ ആണുങ്ങളുടെ കാര്യത്തില്‍ സാര്‍ദീനിയയിലെ ഓഗ്ലിയാസ്ട്രാ പ്രദേശമാണ് മുന്‍പില്‍.
ലോമാലിന്‍ഡയിലെ നിവാസികളാകട്ടെ മദ്യം, മയക്കുമരുന്ന്, പുകവലി ഇതെല്ലാം പടിക്കുപുറത്താക്കിയുള്ള ജീവിതമാണ് നയിക്കുന്നത്.

വെള്ളവും പഴച്ചാറുമൊക്കെയാണ് അവരുടെ പാനീയം. നല്ലൊരു ശതമാനും സസ്യഭുക്കുകളും ഇവിടുണ്ട്. ആരോഗ്യം കാര്‍ന്നു തിന്നുന്ന പഞ്ചസാര ഇവര്‍ക്ക് നിഷിദ്ധമാണ്. ചിട്ടയായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണശൈലിയുമാണ് ബ്ലൂസോണുകളിലെ ആയുസ്സിന്റെ ബലം