ഭാരതാംബയെ ഗോത്രവനിതയാക്കി; ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം വിവാദത്തില്‍

single-img
28 November 2017

അഗര്‍ത്തല: ത്രിപുരയില്‍ അടുത്ത മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗോത്രവിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ ത്രിപുരയിലെ ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത വേഷം ധരിച്ച ഭാരതമാതാവിനെ കൂടി ഉള്‍പ്പെടുത്തിയാണ് ബിജെപി ജനങ്ങളെ കയ്യിലെടുക്കുന്നത്.

സാരിയണിഞ്ഞ് ദേശീയ പതാകയേന്തി നില്‍ക്കുന്ന ഭാരതമാതാവിനെയാണ് സാധാരണയായി ജനങ്ങള്‍ക്ക് പരിചയം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഭാരതമാതാവ് തങ്ങളുടെത് കൂടെയാണെന്ന ചിന്ത ഗോത്രവര്‍ഗ്ഗക്കാരിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.

അവരും ഭാരതത്തിന്റെ ഭാഗമാണ്. ഭാരതാംബ അവരുടേതുകൂടിയാണ്. ഒരോ ഗോത്ര വിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്‌കാരങ്ങളും വേഷങ്ങളും ഉണ്ട്. അവയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ടെന്നും ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തങ്ങള്‍ വേറിട്ടവരാണെന്ന ഒരു ചിന്ത പൊതുവെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് കൂടുതലാണ്. അവരുടെ ഈ ചിന്താഗതി മാറ്റി തങ്ങളും ഭാരതീയരാണെന്നും ഭാരതാംബ തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള ധാരണ അവരില്‍ വളര്‍ത്തിയെടുക്കാനാണ് ഗോത്രവിഭാഗക്കാര്‍ക്ക് പരിചിതമായ പരമ്പരാഗത വേഷത്തില്‍ ഭാരതമാതാവിനെ ഇവിടെ അവതരിപ്പിക്കുന്നതെന്നും സുനില്‍ ദിയോദര്‍ പറഞ്ഞു.

ദെബ്ബര്‍മ, ത്രിപുരി, റീങ്, ചക്മ തുടങ്ങി നാലു ഗോത്രവിഭാഗങ്ങളാണ് പ്രധാനമായും തൃപുരയിലുള്ളത്. ഈ ഗോത്രവിഭാഗങ്ങളാണ് 77.8 ശതമാനത്തോളം വരുന്ന ഗോത്ര ജനസംഖ്യയില്‍ കൂടുതലും. ഇവരെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ബിജെപി ഭാരതാംബയെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള മറ്റു 300 ഗോത്രവിഭാഗങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഭാരതാംബയുടെ ചിത്രീകരണം ഇവിടങ്ങളില്‍ അവതരിപ്പിക്കുമെന്നും സുനില്‍ ദിയോധര്‍ പറയുന്നു.

സംസ്ഥാനത്തെ എല്ലാ ബിജെപി ചടങ്ങുകളിലും ഇനി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം സാരി ധരിച്ചുള്ള ഭാരതാംബയുടെയും ഗോത്ര വിഭാഗങ്ങളെ പ്രതിനിധികരിക്കുന്ന ഭാരതാംബയുടെയും ചിത്രങ്ങളുണ്ടാവുമെന്നും അദ്ദഹം പറഞ്ഞു. ത്രിപുര ജനസംഖ്യയില്‍ കൂടുതലും ബംഗാളില്‍ നിന്ന് കുടിയേറിയവരാണ് ഉള്ളത്. അതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുനില്‍ ദിയോധര്‍ വ്യക്തമാക്കി.